റിയോ ഡി ജനീറോ: സൂപ്പര്‍താരം നെയ്‌മറുടെ അഭാവത്തിലും ബ്രസീല്‍ ലോകകിരീടം നേടുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. നെയ്‌മറിന് സംഭവിച്ചത് പോലെ മുമ്പ് നിര്‍ണായക ഘട്ടത്തില്‍ തനിക്കും പരിക്കേറ്റിരുന്നെന്നും പെലെ പറഞ്ഞു.
1962-ലെ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ ചെക്കോസ്ലോവാക്യക്കെതിരെയുള്ള മത്സരത്തിലായിരുന്നു പെലെക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് പിന്നീടുള്ള മത്സരങ്ങളില്‍ തനിക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കിലും ബ്രസീല്‍ കിരീടം സ്വന്തമാക്കിയെന്നും പെലെ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് സ്വന്തമക്കാന്‍ ദൈവം അന്ന് ബ്രസീലിനൊപ്പം നിന്നത് പോലെ ഇത്തവണയും ബ്രസീല്‍ കിരീടം നേടുമെന്നും പെലെ പറയുന്നു. നെയ്‌മറിന്റെ അഭാവത്തില്‍ ടീം പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഇത് മൊത്തം ടീമിന് ഗുണകരമാകുമെന്നുമാണ് പെലെയുടെ വിലയിരുത്തല്‍.
















