സാവോപോളോ: തനിക്ക് വേണ്ടി ഇത്തവണ ബ്രസീല്‍ ലോകകപ്പ് നേടുമെന്ന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്ന കാനറികളുടെ സൂപ്പര്‍താരം നെയ്മര്‍. ആശുപത്രിയില്‍ വച്ച് നല്കിയ വീഡിയോ സന്ദേശത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. എത്രയും വേഗം കളിക്കളത്തിലേക്കു തിരിച്ചെത്തുമെന്നും നെയ്മര്‍ അറിയിച്ചു.
നട്ടെല്ലിന് പരിക്കേറ്റ് ലോകകപ്പ് സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതിന്റെ ദുഃഖം മുഴുവന്‍ വെളിവാക്കുന്നതായിരുന്നു നെയ്മറുടെ സന്ദേശം. താന്‍ കടന്നുപോകുന്നത് വളരെ സങ്കീര്‍ണമായ നിമിഷങ്ങളിലൂടെയാണെന്നും പറഞ്ഞ നെയ്മര്‍ തനിക്ക് വേണ്ടി സഹതാരങ്ങള്‍ ഇത്തവണ ലോകകപ്പ് നേടുമെന്നും കൂട്ടിച്ചേര്‍ത്തു. എന്റെ ലോകകപ്പ് അവസാനിച്ചിട്ടില്ല. ഒരു കളി കൊണ്ട് തടസപ്പെട്ടെന്നു മാത്രം. പക്ഷേ, ടൂര്‍ണമെന്റ് തുടരുകയാണ്. ബ്രസീല്‍ ലോകകപ്പ് ജേതാവാകാനുള്ള എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്, നെയ്മര്‍ പറഞ്ഞു. ഒരു ലോകകപ്പ് ഫൈനലില്‍ കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്റെ കൂട്ടുകാര്‍ ലോകചാമ്പ്യന്മാരാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞാന്‍.
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നെയ്മറെ ഹെലികോപ്റ്റര്‍ മാര്‍ഗം സാവോപോളോയിലെ വീട്ടിലെത്തിച്ചു. പ്രിയതാരത്തെ കാണാന്‍ ആരാധകരുടെ കൂട്ടം നെയ്മറുടെ വീടിനു മുന്നിലുണ്ടായിരുന്നു. നെയ്മറുടെ പരിക്കിന് കാരണക്കാരനായ കൊളംബിയന്‍ താരം സുനിഗയെ വധിക്കുമെന്നുവരെയുള്ള സന്ദേശങ്ങള്‍ ഇന്റര്‍നെറ്റില്‍ പടരുകയാണ്.
മത്സരത്തിന്റെ 88-ാം മിനിറ്റിലായിരുന്നു ബ്രസീലിനെ മാത്രമല്ല കാല്‍പ്പന്തു പ്രേമികളെ മുഴുവന്‍പിടിച്ചുകുലുക്കിയ സംഭവം അരങ്ങേറിയത്. നെയ്മറുടെ പിന്നിലൂടെ വന്നു സുനിഗ കാല്‍മുട്ടിന് ഇടിക്കുകയായിരുന്നു. എന്നാല്‍, സുനിഗയ്ക്കെതിരേ റഫറി ഫൗള്‍ വിളിക്കുകയോ കാര്‍ഡ് നല്‍കുകയോ ചെയ്തിരുന്നില്ല.
അതിനിടെ താന്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും സംഭവിച്ചതിനു ക്ഷമ ചോദിക്കുന്നുവെന്നും സുനിഗ പ്രസ്താവനയില്‍ പറഞ്ഞു. നെയ്മര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടേയെന്നും സുനിഗ ആശംസിച്ചു. അതേസമയം, നെയ്മറുടെ പരിക്കിന് കാരണക്കാരനായ കൊളംബിയന്‍ താരം സുനിഗക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ഫിഫ പരിശോധിച്ചു വരികയാണ്.
















