സാവോപോളോ: ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍- യൂറോപ്യന്‍ ചേരികളുടെ ഏറ്റവും വാശിയേറിയ ബലപരീക്ഷണത്തിന് കളമൊരുങ്ങി. സെമിയില്‍, ആതിഥേയരായ ബ്രസീലിനോട് ജര്‍മനി മല്ലിടും.
ഇന്നലെ പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വന്തം വന്‍കരയില്‍ നിന്നുള്ള കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മറികടന്നാണ് ജര്‍മന്‍ ടാങ്കുകള്‍ക്കു മുന്നില്‍ ബ്രസീല്‍ എത്തിച്ചേര്‍ന്നത്. രണ്ടു ഡിഫന്റര്‍മാര്‍ കൊളംബിയക്കെതിരെ കാനറികളുടെ സ്കോര്‍ ഷീറ്റില്‍ പേരെഴുതി, നായകന് തിയാഗോ സില്‍വയും ഡേവിഡ് ലൂയീസും. ജെയിംസ് റോഡ്രിഗസ് പെനാല്‍റ്റിയിലൂടെ കൊളംബിയക്ക് ആശ്വാസമരുളി. സൂപ്പര്‍ താരം നെയ്മറുടെ പരിക്കും സില്‍വയുടെ രണ്ടാം മഞ്ഞകാര്‍ഡും മത്സരം ബ്രസീലിനു സമ്മാനിച്ച തിക്താനുഭവങ്ങള്‍. നെയ്മര്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായപ്പോള്‍ സില്‍വ സെമിയില്‍ കരയ്ക്കിരുന്നു കളി കാണും. മികച്ച ഫോമിലുള്ള ജര്‍മ്മനി ബ്രസീലിനുമേല്‍ മാനസികാധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്നു സാരം.
കൊളംബിയയോടുള്ള മുഖാമുഖത്തിന്റെ ഒന്നാം പകുതിയില്‍ ബ്രസീലിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. ഡാനി ആല്വസിനു പകരമെത്തിയ മൈക്കോണും മാഴ്സലോയുമൊക്കെ അധ്വാനിച്ചു കളിച്ചു. ഹള്‍ക്കും ഓസ്കാറും മോശമാക്കിയില്ല. പക്ഷേ, കളി പരുക്കനായ നിമിഷങ്ങളില്‍ ഓസ്കര് ചിത്രത്തിലേ ഇല്ലാതായി. ഫ്രെഡ് ഒരിക്കല്‍ക്കൂടി ഫിനിഷിങ് മറന്നു. നെയ്മര്‍ എതിരാളികളുടെ തട്ടലിനും മുട്ടലിനും തൊഴിക്കുമൊക്കെ അടിക്കടി ഇരയായി. മറുവശത്ത് കൊളംബിയന്‍ തുറുപ്പുചീട്ട് റോഡ്രിഗസിനെ ബ്രസീലുകാരും വെറുതെവിട്ടില്ല. സില്‍വയുടെ ഗോളിന്റെ ലീഡില്‍ കടിച്ചുതൂങ്ങുക അപകടകരമെന്നു ബ്രസീല്‍ തിരിച്ചറിഞ്ഞ വേളയിലായിരുന്നു ഡേവിഡ് ലൂയീസിന്റെ കിടിലന്‍ ഫ്രീകിക്ക് അവരുടെ ലീഡ് ഇരട്ടിപ്പിച്ചത്. പിന്നീടങ്ങോട്ട് കൊളംബിയ കടിഞ്ഞാണ്‍ പിടിച്ചെന്നു പറയാം. തിരിച്ചടിക്കാനുള്ള വാശി കൊളംബിയക്ക് ഒരു ഗോളും സമ്മാനിച്ചു. അന്ത്യസമയങ്ങളില്‍ കൊളംബിയന്‍ മുന്നേറ്റങ്ങളുടെ വേലിയേറ്റത്തില്‍പ്പെട്ട് ബ്രസീല്‍ പ്രതിരോധം ഉലഞ്ഞു. എങ്കിലും ഗ്യാലറിയിലും ലോകത്തെമ്പാടുമുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്കു മുന്നിലും വീര്പ്പടക്കിപ്പിടിച്ചിരുന്ന ലക്ഷോപലക്ഷം ആരാധകരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം അന്തിമഫലം മഞ്ഞക്കിളികള്‍ക്ക് അനുകൂലമായി. ഫ്രാന്‍സിനെ 1-0ത്തിന് അതീജിവിച്ച ജര്‍മ്മനി നേരത്തെ തന്നെ സെമി ബര്‍ത്ത് നെടിയെടുത്തിരുന്നു.
















