ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് സിംഗപ്പൂരിന്റെ സഹായ വാഗ്ദാനം.മോദിയുടെ പ്രധാന അജണ്ടകളിലൊന്നായ സ്മാര്‍ട്ട്സിറ്റി നിര്‍മ്മിക്കാന്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കുമെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി കെ.ഷണ്മുഖം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിലവുകുറഞ്ഞ രീതിയില്‍ സ്മാര്‍ട്ട്സിറ്റികള്‍ നിര്‍മിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ വിജയിക്കണമെന്നാണ് സിംഗപ്പൂര്‍ ആഗ്രഹിക്കുന്നത്. ഏഷ്യയുടെ സമാധാനത്തിനും നിലനില്‍പ്പിനും ശക്തമായ ഒരിന്ത്യ ആവശ്യമാണെന്നും ഷണ്മുഖം പറഞ്ഞു. സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം, ഭൂമി സംബന്ധിച്ച വിഷയങ്ങള്‍, ഇന്ത്യയിലെ നദികളുടെ നവീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നരേന്ദ്രമോദി സംസാരിച്ചിരുന്നു. സാങ്കേതികപരമായും, അല്ലാതെയുമുള്ള, എല്ലാവിധ സഹായങ്ങളും, തങ്ങള്ക്കുള്ളതെന്തെല്ലാമാണോ അതെല്ലാം പങ്കുവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ വാട്ടര്മാനേജ്മെന്റുമായി സിംഗപ്പൂരിലെ കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഗംഗാ നദിയുടെ നവീകരണം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നവീകരണ പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കമ്പനി തയ്യറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല നയതന്ത്രബന്ധങ്ങള്‍ സമാധാനം സൃഷ്ടിക്കും. അടുത്ത മാസം സിംഗപ്പൂര്‍ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ആഗസ്റ്റില്‍ സിംഗപ്പൂര്‍ സന്ദര്‍ശിക്കും. സെപ്തംബറില്‍ സിംഗപ്പൂര്‍ മുന്‍ പ്രധാമന്ത്രി ഗോ ചോക് തോങ് ഇന്ത്യയിലെത്തുന്നുണ്ട്. അടുത്ത മാസം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതിയെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കും.
നൂറ് സ്മാര്‍ട്ട്സിറ്റികള്‍ നിര്‍മ്മിക്കാനാണ് നരേന്ദ്രമോദി പദ്ധതിയിടുന്നത്. ഇത്രയധികം നിര്‍മ്മിക്കാനുള്ള കഴിവ് തങ്ങള്‍ക്കില്ലെങ്കിലും ഒരു സ്മാര്‍ട്ട്സിറ്റി നിര്‍മ്മിച്ചു നല്‍കാനാണ് തങ്ങള്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. അതും ചൈനയിലെ സ്മാര്‍ട്ട്സിറ്റികളുടെ മാതൃകയില്‍. ചൈനയിലെ തിയാന്‍ജിന്‍ മാതൃകയിലുള്ള സ്മാര്‍ട്ട്സിറ്റിയാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യക്ക് ഏഷ്യയില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് ഇന്ത്യയെ പിന്തുണയ്ക്കുന്നതെന്നും ഷണ്മുഖം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: