തൃശൂര്‍: ഇന്ത്യന്‍ ഫുട്ബോളിന്റെ കറുത്തമുത്തായ ഐഎം വിജയന് ബ്രസീലിലേക്ക് യാത്രയായി. തുടര്‍ച്ചയായ നാലാം തവണയാണ് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോളറില്‍ ഒരാളായ പോലീസ് താരം ഐ.എം വിജയന് ബ്രസീലിലേക്ക് പറക്കുന്നത്. 2002ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പ് മുതല്‍ കഴിഞ്ഞ ലോകകപ്പ് വരെയുള്ള മത്സരങ്ങളില്‍ സെമിഫൈനല്‍ – ഫൈനല്‍ മത്സരങ്ങളാണ് വിജയന് നേരിട്ട് കണ്ടിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വിജയനും സംഘവും ബ്രസീലിലേക്ക് യാത്രയായി. തന്റെ ഇഷ്ട ടീമായ അര്‍ജന്റീനയും ആതിഥേയരായ ബ്രസീലും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ഇത്തവണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിജയന് യാത്രതിരിച്ചിരിക്കുന്നത്. ഇതുവരെ താന്‍കണ്ട ലോകകപ്പുകളില്‍ ഏറ്റവും മികച്ചത് ജപ്പാനില്‍ നടന്ന ബ്രസീല്‍ -ജര്‍മ്മനി പോരാട്ടമായിരുന്നുവെന്ന് വിജയന് പറയുന്നു.
ഇത്തവണ താന്‍ മനസ്സില്‍ ആരാധിക്കുന്ന അര്‍ജന്റീന കപ്പെടുക്കുമെന്ന പ്രതീക്ഷയാണ് വിജയനുള്ളത്. നേരത്തെ കേരളത്തിലെത്തിയ സൂപ്പര്‍താരം മാറഡോണയുമായി പന്തുതട്ടാന്‍ ഭാഗ്യം ലഭിച്ച ആവേശവും വിജയനിലുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ അത് ഭയങ്കരമാണ്, കാണാന്‍ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമാണെന്ന് വിജയന് ജന്മഭൂമിയോട് പറഞ്ഞു. 2002 ലോകകപ്പ് മത്സരങ്ങള്‍ കണ്ട് നേരെ പോയത് പഞ്ചാബ് ടീമായ ജെസിടിയിലേക്കായിരുന്നു. ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റിയ വിജയന് അന്ന് ജെസിടിക്ക് ഫെഡറേഷന് നേടി കൊടുത്തു കൊണ്ടാണ് മടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും കേരള പോലീസിന് കളത്തിലിറങ്ങുന്ന വിജയന്റെ ലോകകപ്പ് കണ്ട ശേഷമുള്ള തിരിച്ച് വരവ് പോലീസ് ടീമിന് കുടുതല്‍ ആവേശം പകരും. ഗോപുനന്തിലത്തും ഒരുമിച്ചാണ് ഇത്തവണയും ലോകകപ്പ് കാണുന്നതിന് വേണ്ടി വിജയന് പുറപ്പെടുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
















