ലണ്ടന്‍: ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ നാട്ടുകാരിയായ ലൂസി സഫറോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റോവ കീഴടക്കിയത്. സ്‌കോര്‍: 7-6 (8-6), 6-1. ആദ്യ സെറ്റില്‍ സഫറോവ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രണ്ടാം സെറ്റില്‍ യാതൊരു പോരാട്ടവും നടത്താതെയാണ് ക്വിറ്റോവയുടെ കരുത്തിന് മുന്നില്‍ കീഴടങ്ങിയത്. 2011-ലെ കിരീട ജേതാവാണ് ക്വിറ്റോവ.
13-ാം സീഡ് കനേഡിയന്‍ താരം യൂജിന്‍ ബുച്ചാര്‍ഡും വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് യൂജിന്‍ ബുച്ചാര്‍ഡ് ഫൈനലില്‍ പ്രവേശിച്ചത്. 94 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 7-6 (7-5), 6-2 എന്ന സ്‌കോറിനായിരുന്നു ബുച്ചാര്‍ഡിന്റെ വിജയം. ഗ്രാന്റ് സ്ലാം ചരിത്രത്തില്‍ കനേഡിയന്‍ താരത്തിന്റെ ആദ്യഫൈനലാണിത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാന്‍ റുമാനിയന്‍ താരത്തിന് കഴിഞ്ഞെങ്കിലും രണ്ടാം സെറ്റില്‍ ഒന്ന് പൊരുതാന്‍ പോലും കഴിയാതെ ബുച്ചാര്‍ഡിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. സ്റ്റാനിസ്ലാവ് വാവ്‌റിങ്കയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് 7തവണ ചാമ്പ്യനായ സ്വിസ് ഇതിഹാസം സെമിയിലെത്തിയത്. സ്‌കോര്‍: 3-6, 7-6 (7-5), 6-4, 6-4.
എട്ടാം സീഡ് മിലോസ് റാവോനിക്കും സെമിയിലെത്തി. നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ നിക്ക് കിര്‍ഗ്യസിനെയാണ് റാവോനിക്ക് പരാജയപ്പെടുത്തിയത്.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്‌റ്റെപാനക് സഖ്യം സെമിയിലെത്തി. കാനഡയുടെ നെസ്റ്റര്‍-സെര്‍ബിയയുടെ സിമോണിക്ക് സഖ്യത്തെ 3-6, 7-6 (7-5), 6-3, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പേസ് സഖ്യം സെമിയിലേക്ക് കുതിച്ചത്.
മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹൊറിയ തെക്കാവു സഖ്യം വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ മെയ്റ്റ് പവിക്-ബൊജാന സഖ്യത്തെ പരാജയത്തെപ്പെടുത്തിയാണ് ഇന്തോ റൊമിനിയന്‍ ജോഡി അവസാന പതിനാറിലെത്തിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6-3, 6-3.
















