സാല്‍വദോര്‍: ഇനി കൂട്ടിക്കിഴിക്കലുകളുടെ നാളുകള്‍. കാല്‍പ്പന്തുകളിയുടെ പുതിയ ലോകചാമ്പ്യന്മാരെ തീരുമാനിക്കാന്‍ ഇനി ബാക്കിയുള്ളത് ഏഴ് മത്സരങ്ങള്‍ മാത്രം. നാല് ക്വാര്‍ട്ടര്‍ ഫൈനലും രണ്ട് സെമിഫൈനലും. അതുകഴിഞ്ഞാല്‍ പിന്നെ കലാശപ്പോരാട്ടം. ജൂലൈ 13ന് ചരിത്രപ്രസിദ്ധമായ റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ ഫൈനല്‍.
ഇത്തവണ ബ്രസീല്‍-അര്‍ജന്റീന സ്വപ്‌ന ഫൈനലിന് കളമൊരുങ്ങുമോ? അല്ലെങ്കില്‍ ജര്‍മനി-അര്‍ജന്റീന ഫൈനല്‍ പോരാട്ടം അരങ്ങേറുമോ? അതോ ഹോളണ്ട്-ഫ്രാന്‍സ്, അല്ലെങ്കില്‍ ജര്‍മ്മനി-ഹോളണ്ട് പോരാട്ടം നടക്കുമോ? അതുമല്ലെങ്കില്‍ കൊളിംബിയയോ കോസ്റ്ററിക്കയോ അല്ലെങ്കില്‍ ബെല്‍ജിയമോ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ ഇടംപിടിക്കുമോ? പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി അര്‍ജന്റീന-ബ്രസീല്‍ കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങും. ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ അങ്ങനെയൊരു ഫൈനല്‍ സ്വപ്‌നം കണ്ടാലും തെറ്റില്ല.
ഇന്നലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ ഇനി കൂട്ടലും കിഴിക്കലുകളുമാണ്. നാളെയാണ് അവസാന എട്ടിലെ പോരാട്ടങ്ങള്‍ക്ക് പന്തുരുണ്ടുതുടങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ജര്‍മ്മനിയെയും ആതിഥേയരായ ബ്രസീല്‍ കൊളംബിയയെയും അര്‍ജന്റീന ബെല്‍ജിയത്തേയും ഹോളണ്ട് കോസ്റ്ററിക്കയെയും നേരിടും. ക്വാര്‍ട്ടറിലും സെമിയിലും ബ്രസീലും അര്‍ജന്റീനയും അപരാജിതരായി മുന്നേറിയാല്‍ ലാറ്റിനമേരിക്കന്‍ ക്ലാസ്സിക്ക് ഫൈനലിനാണ് ഇത്തവണ കളമൊരുങ്ങുക. അതേസമയം ഇരുടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കാലിടറിയാല്‍ കണക്കുകൂട്ടലുകള്‍ അപ്പാടെ മാറിമറിയും. ബ്രസീല്‍ കൊളംബിയയോടും അര്‍ജന്റീന ബെല്‍ജിയത്തോടും പരാജയപ്പെട്ടാല്‍ സ്വപ്‌ന ഫൈനലിന് സാധ്യതയില്ല. അങ്ങനെ സംഭവിച്ചാല്‍ സെമിയില്‍ കൊളംബിയ ഫ്രാന്‍സ്-ജര്‍മ്മനി വിജയികളുമായും ബെല്‍ജിയം ഹോളണ്ട്-കോസ്റ്ററിക്ക വിജയികളുമായും ഏറ്റുമുട്ടും.
1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ മാത്രമാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ അര്‍ജന്റീനയും ബ്രസീലുമെത്തിയിട്ടുള്ളത്. പക്ഷേ, അന്ന് സെമി ഫൈനല്‍ സംവിധാനമുണ്ടായിരുന്നില്ല. രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടുകയായിരുന്നു രീതി. ഗ്രൂപ്പ് എയില്‍നിന്ന് ഹോളണ്ടും ഗ്രൂപ്പ് ബിയില്‍നിന്ന് അര്‍ജന്റീനയും ഫൈനലിലെത്തി. ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാകട്ടെ ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞത്. ഗോള്‍ ശരാശരിയില്‍ അര്‍ജന്റീന ഫൈനലില്‍ കടക്കുകയും ചെയ്തു.
ഇക്കുറി കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. ബ്രസീലിന് ഫൈനലില്‍ കടക്കണമെങ്കില്‍ അല്പം ബുദ്ധിമുട്ടിയേ പറ്റൂ. ക്വാര്‍ട്ടറില്‍ കൊളംബിയയെ കീഴടക്കിയാല്‍ സെമിഫൈനലില്‍ അവരെ കാത്തിരിക്കുന്നത് ഫ്രാന്‍സോ ജര്‍മ്മനിയോ ആയിരിക്കും. ഇൗ യൂറോപ്യന്‍ വെല്ലുവിളിയും മറികടന്നുവേണം ബ്രസീലിന് കലാശപ്പോരാട്ടത്തിന് എത്താന്‍. അതുപോലെ അര്‍ജന്റീനക്കും മുന്നോട്ടുള്ള പാത അത്രസുഖകരമാവാന്‍ ഇടയില്ല. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ കീഴടക്കിയാല്‍ സെമിയില്‍ എതിരാളികള്‍ ഹോളണ്ടാവാനാണ് സാധ്യത. എന്നാല്‍ ക്വാര്‍ട്ടറില്‍ ഇവരുടെ വഴിമുടങ്ങാനും സാധ്യതയുണ്ട്. ബ്രസീലിന് കൊളംബിയയെയും അര്‍ജന്റീനക്ക് ബെല്‍ജിയത്തേയും കീഴടക്കണമെങ്കില്‍ അത്യദ്ധ്വാനം ചെയ്‌തേ പറ്റൂ എന്ന നിലയാണ്. എന്നാല്‍ നിലവിലെ പ്രകടനങ്ങള്‍ കണക്കാക്കിയാല്‍ കൊളംബിയയും ബെല്‍ജിയവും കോസ്റ്ററിക്കയും അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ്. പ്രത്യേകിച്ചും കോസ്റ്ററിക്ക. മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയെയും ഇറ്റലിയെയും ഗ്രൂപ്പ് ഘട്ടത്തില്‍ കെട്ടുകെട്ടിച്ച കോസ്റ്ററിക്ക പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്തുവിട്ടത് മുന്‍ യൂറോ ചാമ്പ്യന്മാരായ ഗ്രീസിനെയും. അതുകൊണ്ടുതന്നെ ക്വാര്‍ട്ടറില്‍ ഹോളണ്ടിനെയും അവര്‍ അട്ടിമറിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ അര്‍ജന്റീന-ബെല്‍ജിയം വിജയികളുമായിട്ടായിരിക്കും കോസ്റ്ററിക്ക സെമിയില്‍ കളിക്കുക. ഇതിലും അട്ടിമറി സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ആദ്യമായി അവര്‍ക്ക് ജൂലൈ 13ന് ചരിത്രപ്രസിദ്ധമായ മാരക്കാന സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടാം. അതുപോലെ കൊളംബിയ ബ്രസീലിനെയും സെമിയില്‍ ഫ്രാന്‍സ്-ജര്‍മ്മനി വിജയികളെയും പരാജയപ്പെടുത്തിയാല്‍ കോസ്റ്ററിക്ക-കൊളംബിയ ഫൈനലായിരിക്കും അരങ്ങേറുക. അതിനുള്ള സാധ്യത വിദൂരമാണെങ്കിലും അങ്ങനെയൊരു അട്ടിമറി നടന്നാല്‍ അത്ഭുതപ്പെടാന്‍ കഴിയില്ല. കാരണം കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കോസ്റ്ററിക്കും കൊളംബിയയും നടത്തിയത്. അതുപോലെ ബെല്‍ജിയത്തിനും ഫൈനല്‍ സാധ്യതയുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെയും സെമിയില്‍ കോസ്റ്ററിക്ക-ഹോളണ്ട് വിജയികളെയും കീഴടക്കാന്‍ കഴിഞ്ഞാല്‍ ബെല്‍ജിയത്തിനും ചരിത്രത്തിലാദ്യമായി കലാശക്കളിക്ക് യോഗ്യത നേടാം.
















