സാല്‍വദോര്‍: ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസ്സിപ്പടക്ക് മുന്നിലേക്ക് ചുവന്ന ചെകുത്താന്മാര്. ഇന്നലെ നടന്ന മത്സരത്തില്‍ അമേരിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അവസരങ്ങള്‍ തുലച്ചു കളഞ്ഞ മത്സരത്തില്‍ എക്സ്ട്രാ സമയത്താണ് ബെല്‍ജിയം വിജയം നേടിയത്.
കെവിന് ഡു ബ്രൂയാനും ലൂക്കാക്കുവും നേടിയ ഗോളുകള്‍ക്ക് അമേരിക്കയെ തോല്പിച്ചാണ് ബെല്‍ജിയം അര്‍ജന്റീനയെ നേരിടാനെത്തിയിരിക്കുന്നത്. സ്കോര്‍: 2-1. പകരക്കാരന് ഗ്രീനാണ് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ അമേരിക്കയുടെ ഒരു ഗോള്‍ മടക്കിയത്. ഡീഗോ മാറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന അവസാനമായി ലോകകപ്പില്‍ മുത്തമിട്ട 1986 ലോകകപ്പിന്റെ സെമിയിലായിരുന്നു അര്‍ജന്റീന-ബെല്‍ജിയം പോരാട്ടം. അന്ന് മടക്കമില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന വിജയിച്ചത്.
ഒരു ഡസനിലേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമാണ് അമേരിക്കക്കെതിരെ 92-ാം മിനിറ്റില്‍ ബെല്‍ജിയം കെവന്‍ ഡി ബ്രൂയനിലൂടെ ആദ്യഗോള്‍ നേടിയത്. ഇതിന് മുമ്പ് ഒരു ഡസനിലേറെ തവണ ഗോള്‍ വഴങ്ങാതെ കോട്ട കാത്ത അമേരിക്കന്‍ ഗോളി ടിം ഹൊവാര്‍ഡിന് ആദ്യമായി പിഴച്ച അവസരമായിരുന്നു ഇത്. ആദ്യ ഗോളിന് വഴിയൊരുക്കിയ ലൂക്കാക്കുവാണ് 105-ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഗോളിലൂടെ രണ്ടാമതും അമേരിക്കന്‍ വല കുലുക്കിയത്. 107-ാം മിനിറ്റില്‍ അമേരിക്ക ഗ്രീനിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
അധിക സമയത്തേക്ക് നീണ്ട പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് പ്രതിരോധക്കോട്ടക്ക് മുന്നില്‍ ഗോളിലേക്കുള്ള വഴിയറിയാതെ കുഴങ്ങിയശേഷമാണ് അര്‍ജന്റീനയുടെ രക്ഷകനായി ഏയ്ഞ്ചല്‍ ഡി മരിയ അവതരിച്ചത്. കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ മധ്യവരയില്‍ നിന്ന് പലേഷ്യോ കൊടുത്ത പന്തുമായി ചാട്ടുളി വേഗത്തില്‍ മെസ്സിയുടെ മരണക്കുതിപ്പ്. മുന്നിലുണ്ടായിരുന്നു എതിരാകളെ ഒന്നൊന്നായി വകഞ്ഞുമാറ്റി വലതുവിംഗിലൂടെ കുതിച്ചുപാഞ്ഞ് പെനാല്‍റ്റി ബോക്സിലെത്തിയ ഡി മരിയയെ ലക്ഷ്യമാക്കി ഒരു തകര്‍പ്പന്‍ ക്രോസ്. തൊട്ടുത്തുണ്ടായിരുന്ന ഹിഗ്വയ്നില് നിന്നും ഷോട്ട് പ്രതീക്ഷിച്ച് ഗോളി ബെനാഗ്ലിയോ ഒരുങ്ങുമ്പോഴേക്കും ഡി മരിയ വലതുളച്ച് പന്തു പായിച്ചു.
തുടര്‍ന്ന് സമനിലക്കായി സ്വിസ് താരങ്ങള്‍ പൊരിഞ്ഞ പോരാട്ടം നടത്തി. ഇഞ്ച്വറി സമയത്ത് സ്വിറ്റ്സര്‍ലന്റിന്റെ സെമാലി തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റിലിടിച്ചു മടങ്ങിയപ്പോള്‍ അര്‍ജന്റീനക്കാര്‍ നെടുനിശ്വാമുതിര്ത്തു. അവസാന വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അര്‍ജന്റീനയുടെ ബോക്സിന്റെ മുകള്‍ അറ്റത്ത് നിന്ന് സ്വിറ്റ്സര്‍ലന്റിന് ലഭിച്ച ഫ്രീകിക്ക് അര്‍ജന്റീനയെ ഉദ്വേഗത്തിന്റെ മുള്മുനയിലാക്കിയെങ്കിലും കിക്ക് ലക്ഷ്യം കണ്ടില്ല. മറുഭാഗത്ത് ഗോളി പോലുമില്ലാത്ത പോസ്റ്റിലേയ്ക്ക് ലോംഗ് റേഞ്ചര്‍ പായിച്ച് ലീഡുയര്‍ത്തുന്നതില്‍ ഡി മരിയ പരാജയപ്പെട്ട ഉടനെയായിരുന്നു സ്വിസ് ഫ്രീകിക്ക്.
















