ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പറും ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സീഡുമായ സ്‌പെയിനിന്റെ റാേഫല്‍ നദാലാണ് അട്ടിമറിക്കപ്പെട്ടത്. ലോകറാങ്കിംഗില്‍ 144-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗ്യസാണ് ലോക ഒന്നാം നമ്പര്‍ താരമായ നദാലിനെ നാലാം റൗണ്ടില്‍ അട്ടിമറിച്ചത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഓസ്‌ട്രേലിയന്‍ താരം റാഫേല്‍ നദാലിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 7-6 (7-5), 5-7, 7-6 (7-5), 6-3. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിലോസ് റാവോനിക്കാണ് കിര്‍ഗ്യാസിന്റെ എതിരാളി.
കോര്‍ഗ്യസിന്റെ ആദ്യ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റാണിത്. ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരത്തെ നൂറിന് താഴെ റാങ്കുള്ള താരം തോല്‍പ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറേക്കും കാലിടറി. 11-ാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവാണ് മൂന്നാം സീഡ് മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 6-1, 7-6 (7-4), 6-2. ഒന്നും മൂന്നും സെറ്റുകളില്‍ ഒന്നുപൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങിയ മുറെ രണ്ടാം സെറ്റില്‍ മാത്രമാണ് പിടിച്ചുനിന്നത്. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ മുറെക്ക് കാലിടറി.
വനിതാ വിഭാഗത്തില്‍ ഒമ്പതാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറും പുറത്തായി. 13-ാം സീഡ് കനേഡിയന്‍ താരം യൂജിന്‍ ബുച്ചാര്‍ഡാണ് 6-3, 6-4 എന്ന സ്‌കോറിന് ജര്‍മ്മന്‍ താരത്തെ അട്ടിമറിച്ച് സെമിയിലെത്തിയത്. മറ്റൊരു മത്സരത്തില്‍ മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. 19-ാം സീഡ് ജര്‍മ്മനിയുടെ സബീനെ ലിസിക്കിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹാലെപ്പിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 6-4, 6-0.
















