സാവോപോളോ: ലോകകപ്പ് ഫുട്ബോളിനെ ചുറ്റിപ്പറ്റി ഒത്തുകളി വിവാദം. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കിടെ ഏഴ് കാമറൂണ്‍ താരങ്ങള്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ മാഗസിനായ ഡെര്‍ സ്പൈഗള്വഴി സിംഗപ്പൂരുകാരനായ ഒത്തുകളിക്കാരന്‍ വില്സന് രാജ് പെരുമാളാണ് ആരോപണം ഉന്നയിച്ചത്. മാഗസിനുമായുള്ള ആശയവിനിമയത്തിനിടെ, ക്രൊയേഷ്യ- കാമറൂണ്‍ മത്സരഫലം കൃത്യമായി പ്രവചിച്ച പെരുമാള്‍ ഒരു താരം ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോകുമെന്നും പറഞ്ഞിരുന്നു. ഇതാണ് സംശയം ബലപ്പെടാന്കാരണം. ആരോപണത്തെക്കുറിച്ച് കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. എന്നാല്‍ ഫിഫ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ മൂന്നു മത്സരങ്ങളിലും കാമറൂണ്‍ തോറ്റിരുന്നു. ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അവര്‍ മുട്ടുകുത്തി. ആ മത്സരത്തില്‍ അലെക്സ് സോംഗ് ചുവപ്പുകാര്‍ഡ് വാങ്ങുകയും ചെയ്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ ബനോയിറ്റ് ഇക്കോറ്റോയും ബെഞ്ചമിന്‍ മൗക്കണ്ടോയും കൊമ്പുകോര്‍ത്തതും കാമറൂണിന് നാണക്കേടുണ്ടാക്കിയിരുന്നു.
















