റാസൈഫ്: മെക്സിക്കോക്കെതിരെ പെനാല്‍റ്റിക്ക് വേണ്ടി ബോക്സില്‍ വീണ് പരിക്ക് അഭിനയിച്ചതിന് ഡച്ച് താരം ആര്യന് റോബന് മാപ്പ് ചോദിച്ചു. മെക്സിക്കോ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസിന്റെ ഫൗള്‍ പെനാല്‍റ്റി വിധിക്കാന്‍ മാത്രം കടുപ്പമുള്ളതായിരുന്നില്ലെന്ന് മത്സരശേഷം റോബന് പറഞ്ഞു. ഇതുപോലെ നിര്‍ണായക സമയത്ത് പരിക്ക് അഭിനയിച്ചത് തെറ്റായിപ്പോയി. ഞാനതില്‍ ഖേദിക്കുന്നു, ക്ഷമചോദിക്കുന്നു, റോബന് പറഞ്ഞു. എന്നാല്‍ ഇതേ റഫറി തന്നെയാണ് തങ്ങള്‍ക്ക് അര്‍ഹമായൊരു പെനാല്‍റ്റി നിഷേധിച്ചതെന്നും റോബന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ തങ്ങളെ ലോകകപ്പില്‍നിന്ന് പുറത്താക്കിയത് പോര്‍ച്ചുഗല്‍ റഫറിയാണെന്ന് മെക്സിക്കന്‍ കോച്ച് മിഗ്വേല്‍ ഹെരേര കുറ്റപ്പെടുത്തി. ഹോളണ്ടല്ല റഫറി പെഡ്രോ പ്രോയെന്കയാണ് മെക്സിക്കോയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയത്. മാര്‍കേ്വസ് കാര്യമായി തൊട്ടില്ലെങ്കിലും റോബന് ബോക്സില്‍ തെറിച്ചുവീഴുകയായിരുന്നു. ഇതടക്കം മൂന്നുതവണയാണ് ഇത്തരത്തില്‍ റോബന് റഫറിയെ കബളിപ്പിക്കാന്‍ ഡൈവ് ചെയ്തത് എന്നായിരുന്നു ഹെരേരയുടെ ആരോപണം. ഇങ്ങനെ അഭിനയിച്ച് വഞ്ചിക്കുന്നവരെ താക്കീത് ചെയ്യുകയാണ് വേണ്ടത്. റഫറിയുടെ സംശയകരമായ തീരുമാനങ്ങളെല്ലാം ഞങ്ങള്‍ക്ക് എതിരായിരുന്നു. സത്യത്തില്‍ ഞങ്ങളെ തോല്‍പ്പിച്ചത് ഈ റഫറിയാണ്, ഹെരേര പറഞ്ഞു.
മെക്സിക്കോയുടെ 1986ന് ശേഷമുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നം കൂടിയാണ് ഇതോടൊപ്പം തകര്‍ന്നത്. ഇതിന് മുന്‍പും റോബന് വെറുതെ വീണിരുന്നു. എന്നാല്‍ അപ്പോഴൊന്നും റഫറി താക്കീതോ മഞ്ഞക്കാര്‍ഡോ നല്‍കിയില്ല. ഒടുവില്‍ ഞങ്ങളെ പുറത്താക്കുകയും ചെയ്തു, ഹെരേര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: