ബാഗ്ദാദ്: ഐഎസ്ഐഎസ് സുന്നി ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്കി ഇറാഖ് റഷ്യന്‍നിര്‍മിത പോര്‍വിമാനങ്ങള്‍ വാങ്ങി. അടിയന്തരഘട്ടങ്ങളില്‍ മാത്രം റഷ്യ ഉപയോഗിക്കുന്ന സുഖോയ് വിഭാഗത്തില്‍പ്പെട്ട അഞ്ച് ജെറ്റ് വിമാനങ്ങളാണ് ഇറാഖ് വാങ്ങിയത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വിമാനമെത്തിച്ചതായി സൈന്യം അറിയിച്ചു. വിമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉപയോഗിച്ചു തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാഖ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്.
തിക്രിത് നഗരം ഇറാഖ് സൈന്യം ഭീകരരില്‍ നിന്നും പൂര്‍ണമായി പിടിച്ചടക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശക്തമായ ഏറ്റുമുട്ടലാണ് സൈന്യം ഇവിടെ നടത്തിയത്. ഹെലികോപ്റ്റര്‍, ടാങ്കുകള്‍, മെഷീന് ഗണ്ണുകള്‍ ഘടിപ്പിച്ച കവചിത വാഹനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് സൈന്യം ഭീകരരെ നേരിട്ടത്. എന്നാല്‍ സുന്നി ഭീകരര്‍ ചെറുത്തുനില്‍ക്കുകയാണെന്നും പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ദില്ജ്ലയിലേക്ക് സൈന്യത്തിന് പിന്മാറേണ്ടി വന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സദ്ദാം ഹുസൈന്റെ ജന്മസ്ഥലമായ തിക്രിത് ജൂണ്‍ 11നാണ് ഭീകരവാദികള്‍ പിടിച്ചത്.
ഇതിനിടെ ഇറാഖിലെ ഇന്ത്യക്കാരുടെ രക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് മൈസൂര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചു. കൂടുതല്‍ നിര്‍ദ്ദേശം ലഭിക്കുംവരെ കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ തന്നെ നിര്‍ത്താനാണ് നിര്‍ദ്ദേശം.
ഇറാഖിലെ നിരവധി നഗരങ്ങള്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. പല സ്ഥലങ്ങളിലും സൈന്യത്തില്‍ നിന്നും യാതൊരു എതിര്‍പ്പും നേരിടാതെയാണ് ഭീകരര്‍ പ്രദേശങ്ങള്‍ കൈയ്യടക്കിയത്. അതേ സമയം അമേരിക്കന്‍ വിമാനങ്ങള്‍ ബാഗ്ദാദിന് മുകളില്‍ സുരക്ഷയൊരുക്കി.
അമേരിക്കന്‍ ഉപദേശക സൈന്യം ഇറാഖിലെത്തിയതും സൈന്യത്തിന് കൂടുതല്‍ ആത്മ വിശ്വാസം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് ഇറാഖ് സൈന്യത്തിന്റെ ഇപ്പോഴത്തെ സൈനിക നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പ്രവിശ്യകള്‍ തിരിച്ചുപിടിക്കാനായി ഇറാഖ് സൈന്യത്തിന്റെ ഭീകരരുമായുള്ള ഏറ്റുമുട്ടലുകള്‍ പലയിടങ്ങളിലും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: