റിയോ ഡി ജനീറോ: ഇനി സമനിലകളില്ല, വിജയം മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ നാട്ടിലേക്ക് വിമാനം കയറാം. ഇന്ന് മുതല്‍ നോക്കൗട്ട് റൗണ്ടുകള്‍ക്ക് തുടക്കം. ഇന്നലെ പുലര്‍ച്ചെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചതോടെ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. എട്ട് ഗ്രൂപ്പുകളിലായി കളിച്ച 32 ടീമുകളില്‍ നിന്ന് 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് എയില്‍ നിന്ന് ബ്രസീല്‍, മെക്സിക്കോ, ഗ്രൂപ്പ് ബിയില്‍ നിന്ന് ഹോളണ്ട്, ചിലി, ഗ്രൂപ്പ് സിയില്‍ നിന്ന് കൊളംബിയ, ഗ്രീസ്, ഗ്രൂപ്പ് ഡിയില്‍ നിന്ന് കോസ്റ്ററിക്ക, ഉറുഗ്വെ, ഗ്രൂപ്പ് ഇയില്‍ നിന്ന് ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്റ്, ഗ്രൂപ്പ് എഫില്‍ നിന്ന് അര്‍ജന്റീന, നൈജീരിയ, ഗ്രൂപ്പ് ജിയില്‍ നിന്ന് ജര്‍മ്മനി, അമേരിക്ക, ഗ്രൂപ്പ് എച്ചില് നിന്ന് ബെല്‍ജിയം, അള്‍ജീരിയ എന്നീ ടീമുകളാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചത് നാല് ടീമുകള്‍ മാത്രം. ഹോളണ്ട്, കൊളംബിയ, അര്‍ജന്റീന, ബെല്‍ജിയം എന്നീ ടീമുകളാണ് മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റ് നേടിയത്. സ്പെയിന്, ഇറ്റലി, ഇംഗ്ലണ്ട് എന്നീ കരുത്തര്‍ ആദ്യ റൗണ്ടില്‍ പുറത്തായതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ സംഭവം.
ഇന്ന് രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ ചിലിയുമായി ഏറ്റുമുട്ടുന്നതോടെ പ്രീ ക്വാര്‍ട്ടറിന് തുടക്കമാകും. മറ്റൊരു മത്സരത്തില്‍ അര്‍ദ്ധരാത്രി 1.30ന് കൊളംബിയ ഉറുഗെയുമായി കൊമ്പുകോര്‍ക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ ലോകചാമ്പ്യന്മാരായ സ്പെയിനിന്റെ കഥ കഴിച്ച ഹോളണ്ടിന് മെക്സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. നാളെ രാത്രി 9.30നാണ് ഹോളണ്ട് മെക്സിക്കോ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെയും ഇറ്റലിയുടെയും കഥ കഴിച്ച് കറുത്ത കുതിരകളായി മാറിയ കോസ്റ്റോറിക്ക ഗ്രീസുമായി ഏറ്റുമുട്ടും. നാളെ പുലര്‍ച്ചെ 1.30നാണ് പോരാട്ടം.
നാളെ രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയുമായും പുലര്‍ച്ചെ 1.30ന് ജര്‍മ്മനി അള്‍ജീരിയയുമായും ഏറ്റുമുട്ടും. മിന്നുന്ന ഫോമിലുള്ള ഫ്രാന്‍സിന് നോക്കൗട്ടില്‍ നൈജീരിയയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം 30ന് രാത്രി 9.30നാണ് ഫ്രാന്സ്നൈജീരിയ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ജര്‍മനിക്ക് അള്‍ജീരിയയാണ് പ്രീക്വാര്‍ട്ടറിലെ എതിരാളികള്‍. ഇന്ത്യന്‍ സമയം ജൂലൈ 1ന് പുലര്‍ച്ചെ 1.30നാണ് ജര്‍മനി-അള്‍ജീരിയ പോരാട്ടം.
മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സ്വിറ്റ്സര്‍ലന്റാണ് നോക്കൗട്ടില്‍ എതിരാളികള്‍. ജൂലൈ ഒന്നിന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് അര്‍ജന്റീന-സ്വിസ് പോരാട്ടം. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതുന്ന ബെല്ജിയത്തിനാകട്ടെ അമേരിക്കയാണ് എതിരാളികള്‍. രണ്ടിന് പുലര്‍ച്ചെ 1.30നാണ് അമേരിക്ക-ബെല്‍ജിയം പോരാട്ടം.
















