കൊച്ചി: നെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ വന്‍ കവര്‍ച്ച. ലക്ഷങ്ങള്‍ വിലമതിക്കുന്ന, പുരാതവസ്തു പ്രാധാന്യമുള്ള പ്രഭാമണ്ഡലം മോഷ്ടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീകോവില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്നാണ് കവര്‍ച്ച.
ഓടു കൊണ്ട് നിര്‍മ്മിച്ച 12 കിലോ ഭാരമുള്ള പ്രഭാമണ്ഡലത്തിന് 1200 വര്‍ഷത്തെ പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. നൂറ്റെട്ടു ശിവാലയങ്ങളില്‍ പെട്ടതാണ് നെട്ടൂര്‍ മഹാദേവ ക്ഷേത്രം. പുലര്‍ച്ചെ നാലുമണിയോടെ ക്ഷേത്രത്തില്‍ ശംഖ് മുഴക്കാന്‍ ജീവനക്കാരന് എത്തിയപ്പോള്‍ മോഷ്ടാക്കളെന്നു കരുതുന്നവര്‍ അകത്തുണ്ടായിരുന്നു. ജീവനക്കാരന് ലൈറ്റിട്ടപ്പോള്‍ ചിലര്‍ ഓടിപ്പോകുന്ന ശബ്ദം കേട്ടതായി പറയുന്നു. പ്രഭാ മണ്ഡലത്തിനു പുറമേ ശ്രീകോവിലിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ വാരിക്കൂട്ടിയിട്ട നിലയിലായിരുന്നു. ജീവനക്കാരെത്തിയതിനാല് ഇതെടുക്കാതെ കടന്നു കളയുകയായിരുന്നുവെന്ന് സംശയിക്കുന്നു.
അന്തര്‍ സംസ്ഥാന മോഷ്ടാക്കളാകാം സംഭവത്തിന് പിന്നിലെന്നാണ് ആദ്യ സൂചന. പനങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഫോറന്‍സിക്് വിദഗ്ധരും വിരലടയാള വിദഗ്ദരും തെളിവെടുത്തു. കാലടയാളങ്ങളും കുത്തിത്തുറക്കാനുപയോഗിച്ച കമ്പിപ്പാരയും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.കവര്‍ച്ച നടന്നതറിഞ്ഞ് ഒട്ടേറെ ഭക്തരും ജനപ്രതിനിധികളും രാവിലെ തന്നെ ക്ഷേത്രത്തിലെത്തി.
ഒരിടവേളക്കുശേഷം ജില്ലയില്‍ ക്ഷേത്ര മോഷണം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് ഇതെന്ന് കരുതുന്നു. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങളും കോടികളും വിലയുള്ള പുരാവസ്തുക്കള്‍ ലക്ഷ്യമിട്ടാണ് ക്ഷേത്രക്കവര്‍ച്ചകള്‍ നടത്തുന്നത്. പിറവം പാഴൂര്‍ പെരും തൃക്കോവിലിലെ തിരുവാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ട് അഞ്ചു വര്‍ഷത്തോളമായെങ്കിലും അന്വേഷണം ഇനിയും എവിടെയുമെത്തിയിട്ടില്ല. തൃപ്രയാര്‍ ക്ഷേത്രത്തിലെ കവര്‍ച്ചയും തെളിയിക്കപ്പെട്ടിട്ടില്ല ഈ കേസുകള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും .പ്രയോജനമുണ്ടായില്ല. ഉദ്യോഗസ്ഥരെ മറ്റ് കേസുകളുടെ ചുമതലകള്‍ ഏല്‍പ്പിച്ചതോടെ അന്വേഷണം പൂര്‍ണ്ണമായും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: