സൂറിച്ച്: ഇറ്റലിയുടെ ജോര്‍ജിയോ ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഉറുഗ്വെയുടെ സൂപ്പര്‍താരം ലൂയി സുവാരസിന് ഒമ്പത് മത്സരങ്ങളില്‍ വിലക്ക്. ഫിഫ അച്ചടക്ക സമിതിയാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടാതെ നാലു മാസത്തേക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ പാടില്ലെന്നും അച്ചടക്ക സമിതി സുവാരസിനോട് നിര്‍ദ്ദേശിച്ചു. ഇതോടെ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സുവരാസിന് നഷ്ടമാകും.ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടാനിറങ്ങുന്ന ഉറുഗ്വെക്ക് സുവാരസിന്റെ അഭാവം കനത്ത തിരിച്ചടിയാവുകയും ചെയ്യും. ഒക്ടോബര്‍ 26 വരെയാണ് സുവാരസിന്റെ വിലക്ക്.
ലോകകപ്പ് മത്സരങ്ങള്‍ക്കുപുറമെ ഉറുഗ്വേയുടെ ഔദ്യോഗിക മത്സരങ്ങള്‍ക്കുമാണ് ഒമ്പത് മത്സര വിലക്ക് ബാധകമാവുക. വിലക്കിന്റെ കാലയളവില്‍ ഫിഫ അംഗീകാരമുള്ള ഔദ്യോഗിക മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സുവാരസിനെ വിലക്കിയിട്ടുണ്ട്. ഇതിനുപുറമെ ഒരു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയും ചുമത്തിയിട്ടുണ്ട്. കൂടാതെ ലിവര്‍പൂള്‍ താരമായ സുവാരസിന് ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ സീസണിലെ ഒമ്പത് മത്സരങ്ങളും നഷ്ടമാകും.
ലക്ഷക്കണക്കിനാരാധകര്‍ കാണുന്ന ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ സുവാരസിന്റേതുപോലുള്ള മോശം പെരുമാറ്റങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഫിഫ അച്ചടക്കസമിതി അധ്യക്ഷന്‍ ക്ലോഡിയോ സള്‍സര്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ബ്രസീലിലെ നാറ്റലില് നടന്ന ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. കളിയുടെ 80-ാം മിനിറ്റില്‍ സുവാരസ് ഇറ്റലിയുടെ പ്രതിരോധനിര താരം ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിക്കുകയായിരുന്നു. കടിച്ച പാടുമായി ചെല്ലിനി റഫറിയെ സമീപിച്ചെങ്കിലും സുവാരസിനെതിരെ നടപടിക്ക് അദ്ദേഹം തയ്യാറായില്ല. അതേസമയം ടെലിവിഷന്‍ ദൃശ്യങ്ങളില്‍ സുവാരസ് കടിക്കുന്നത് വ്യക്തമായതോടെയാണ് ഫിഫയുടെ അച്ചടക്ക നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: