തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ സിബിഐ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ മൊഴിയെടുത്തു. ഇന്നു രാവിലെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. കേസന്വേഷണം അവസാനഘട്ടത്തിലേക്കു നീങ്ങുന്നതിനിടെയാണ് ഗണേഷ്കുമാറിന്റെ മൊഴിയെടുക്കുന്നത്.
നേരത്തെ ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഗണേഷിന്റെയും ബാലകൃഷ്ണപിള്ളയുടെയും ബന്ധുക്കളെയും വിശ്വസ്തരെയും ഒരുമാസം മുന്‍പ് നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. അധ്യാപകന്റെ പരിചയക്കാരായ ജ്യോതിഷനെയും കുടുംബത്തെയും സിബിഐ ചോദ്യം ചെയ്തു. ഇതാദ്യമായാണ് ഗണേഷിന്റെ മൊഴിയെടുക്കുന്നത്.
2011 സെപ്റ്റംബര്‍ 27ന് രാത്രിയാണ് വാളകം രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമണത്തിന് ഇരയായത്. സ്കൂള്‍ മാനേജുമെന്റിനെതിരെ തിരിഞ്ഞ കൃഷ്ണകുമാറിനെ ബാലകൃഷ്ണപിള്ളയുടെ അറിവോടെ ആക്രമിച്ചുവെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. വിഷയം പ്രതിപക്ഷം നിയമസഭയില്‍ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: