ബെലോ ഹോറിസോന്റെ: മരണഗ്രൂപ്പിലെ കുഞ്ഞന്മാരും ആദ്യ റൗണ്ട് കടക്കില്ലെന്നും കളി വിദഗ്ധര്‍ വിധിയെഴുതിയ കോസ്റ്ററിക്ക ചരിത്രം തിരുത്തിക്കുറിച്ച് നോക്കൗണ്ട് റൗണ്ടില്‍ കടന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും കീഴടക്കി ഗ്രൂപ്പ് ജേതാക്കളാകാനുറച്ചുതന്നെയാണ് കോസ്റ്ററിക്ക ഇറങ്ങുന്നത്. നേരത്തെ ഉറുഗ്വെയെയും ഇറ്റലിയെയും തകര്‍ത്തുവിട്ട കോസ്റ്ററിക്ക ഇംഗ്ലണ്ടിനെതിരെയും അട്ടിമറി വിജയമാണ് സ്വപ്നം കാണുന്നത്.
ജോയല്‍ കാംപെല്‍ എന്ന സൂപ്പര്‍താരവും മാര്‍ക്ക് റൂസ് എന്ന സ്ട്രൈക്കറുമാണ് അവരുടെ കരുത്ത്. കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കലും ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന തിരിച്ചറിവില്‍ ആഞ്ഞടിച്ചതോടെയാണ് ഇറ്റലിയും ഉറുഗ്വെയും അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്.
അതേസമയം ഇംഗ്ലണ്ടിന് ഇന്ന് അഭിമാനത്തിന്റെ പോരാട്ടമാണ്. ഇന്നും പരാജയപ്പെട്ടാല്‍ ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ കഴിയാതെ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനമായിരിക്കും അത്. അതുകൊണ്ടുതന്നെ ഇന്ന്ഒരു വിജയമാണ് ഇംഗ്ലണ്ട് സ്വപ്നം കാണുന്നത്. അതേസമയം ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ജെറാര്‍ഡ് കളിക്കില്ല. പകരം പ്ലേ മേക്കര്‍ ഫ്രാങ്ക് ലാംപാര്‍ഡായിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക. ഇറ്റലിയോടും ഉറുഗ്വെയോടും പരാജയപ്പെട്ട് നേരത്തെത്തന്നെ പുറത്തായെങ്കിലും ആശ്വാസം വിജയമാണ് ഇംഗ്ലണ്ട് ടീം ലക്ഷ്യമിടുന്നത്. ലക്ഷ്യബോധമില്ലാത്ത സ്ട്രൈക്കര്‍മാരാണ് ഇംഗ്ലണ്ടിനെ വിജയ സ്വപ്നങ്ങള്‍ക്ക് തുരങ്കം വെക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ അത് കണ്ടതുമാണ്. വെയ്ന്‍ റൂണി ഒരു ഗോള്‍ നേടിയെങ്കിലും അതിന്റെ എത്രയോ അധികമാണ് തുലച്ചുകളഞ്ഞ അവസരങ്ങള്‍. അതുപോലെ സ്റ്റര്‍ലിംഗ്, ഡാനി വെല്‍ബാക്ക്, സ്റ്ററിഡ്ജ് എന്നിവരും അവസരങ്ങള്‍ ഗോളാക്കുന്നതിന് പകരം തുലച്ചുകളയുന്നതിനാലാണ് മികച്ചുനില്‍ക്കുന്നത്. ഇരുടീമുകളും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ കണക്കിലെ കളികള്‍ക്കും സ്ഥാനമില്ല. എന്തായാലും ഇംഗ്ലണ്ടിന് ഇന്ന് അഭിമാനപ്പോരാട്ടമാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇംഗ്ലീഷ് ആരാധകരെ തൃപ്തരാക്കില്ല. അതിനാല്‍ എന്തുവിലകൊടുത്തും വിജയിക്കണമെന്ന ഉറച്ച ആഗ്രഹത്തിലാണ് അവര്‍ കളത്തിലിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: