കോട്ടയം: ഹിന്ദുമതം സ്വീകരിച്ച ചേരമര്‍ വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയ്‌ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതായി അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചു. അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ മേമ്മുറി ശാഖയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം മാഞ്ഞൂര്‍ വില്ലേജില്‍ വെളിയത്തില്‍ പറമ്പില്‍ ജയദേവന്റെ ഭാര്യ കെ.യു. കുഞ്ഞുമോള്‍ക്കാണ് തഹസീല്‍ദാര്‍, വില്ലേജാഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത്.
ലത്തീന്‍ ക്രിസ്ത്യന്‍ സമുദായക്കാരിയായിരുന്ന കുഞ്ഞുമോള്‍ 2002ല്‍ ഹിന്ദുമതം സ്വീകരിച്ചു.ുശുദ്ധിസര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. 2007ല്‍ പട്ടികജാതി ആനുകൂല്യം ലഭിക്കാന്‍ ശുദ്ധിസര്‍ട്ടിഫിക്കറ്റും ഗസറ്റ് വിജ്ഞാപനവും അടക്കമുള്ള രേഖകളുമായി വില്ലേജാഫീസില്‍ അപേക്ഷ നല്‍കി. വില്ലേജ് ആഫീസര്‍ നാട്ടിലും വീട്ടിലും അന്വേഷിച്ച് അയല്‍സാക്ഷിമൊഴി രേഖപ്പെടുത്തി കുഞ്ഞുമോള്‍ ഹിന്ദു മതാചാരപ്രകാരം ജീവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
എന്നാല്‍ വൈക്കം തഹസീല്‍ദാര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ, സംശയമുണ്ടാക്കുന്ന തരത്തിലുമുള്ള ജാതി സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കത്തെഴുതി ഇവര്‍ക്കു ലഭിക്കാനുള്ള ആനുകൂല്യം തടയുകയും ചെയ്തു. ഇതിനു പുറമെ ജാതിയില്‍ സംശയമുണ്ടെന്ന് വരുത്തി കിര്‍ത്താഡ്സിനെക്കൊണ്ട് അന്വേഷണം നടത്തി ജാതി സ്ഥിരീകരിക്കണമെന്ന ആവശ്യപ്പെടുന്ന ഉത്തരവുമിട്ടു. 2009 സപ്തംബര്‍ 14ന് കുഞ്ഞുമോള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നും സര്‍ക്കാരിന്റെ നടപടികള്‍ നിര്‍ത്തലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് തഹസീല്‍ദാര്‍ സി3.6104/2009 നമ്പര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കുഞ്ഞുമോളുടെ വീട്ടിലേക്ക് അയച്ചുകൊടുക്കുകയും 2007ലെ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം ആനുകൂല്യം കൊടുക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറെ അറിയിക്കുകയും ചെയ്തു.
2011 ജൂലൈ 11ന് കിര്‍ത്താഡ്സ് സ്ക്രൂട്ടനിംഗ് കമ്മറ്റി സര്‍ക്കാരിന്റെ ഗസറ്റിലും മറ്റുമുള്ള രേഖകള്‍ക്ക് വിലകല്‍പ്പിക്കാതെ കുഞ്ഞുമോളും കുടുംബവും ചേരമര്‍ ക്രിസ്ത്യനാണെന്നു വരുത്തി ഉത്തരവിറക്കി. ഇത് മറയാക്കി 2011ല്‍ വൈക്കം തഹസീല്‍ദാര്‍ കുഞ്ഞുമോളും കുടുംബവും ചേരമര്‍ഹിന്ദു അല്ലെന്നും പട്ടികജാതി ആനുകൂല്യം നല്‍കില്ലെന്നും ഏതെങ്കിലും രേഖകളില്‍ ഹിന്ദു പേരുണ്ടെങ്കില്‍ ആയതു തിരുത്തി ചേരമര്‍ ക്രിസ്ത്യന്‍പേര് സ്വീകരിച്ചുകൊള്ളണമെന്നുമുള്ള അന്ത്യശാസനം നല്‍കി. ഇത് പട്ടികജാതി പീഡനവും കോടതി അലക്ഷ്യവും ഭരണഘടനാ ലംഘനവുമാണെന്ന് എകെസിഎച്ച്‌എംഎസ് ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ വൈക്കം യൂണിയന്‍ പ്രസിഡന്റ് വെച്ചൂര്‍ മോഹനന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ. കരുണാകരന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: