ക്യൂരിറ്റിബ: എന്നര് വലന്‍സിയയുടെ ഇരട്ട ഗോളുകളുടെ കരുത്തില്‍ ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് 2-1ന് പരാജയപ്പെട്ട ഇക്വഡോര്‍ ഇന്നലെ ഹോണ്ടുറാസിനെ ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു എന്നര് വലന്‍സിയയുടെ തകര്‍പ്പന്‍ രണ്ട് ഗോളുകള്‍ പിറന്നത്. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുള്ള അവര്‍ ഫ്രാന്‍സിന് പിന്നില്‍ രണ്ടാമതാണ്.
ഇക്വഡോറാണ് കൂടുതല്‍ പന്ത് കൈവശം വച്ചതെങ്കിലും കൂടുതല്‍ തവണ ഗോളിനടുത്തെത്തിയത് ഹോണ്ടുറാസായിരുന്നു. ഇക്വഡോറിന്റെ വല ലാക്കാക്കി 17 തവണ നിറയൊഴിച്ചവര്‍ക്ക് അഞ്ച് ലക്ഷ്യത്തിലേയ്ക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞു. ഇക്വഡോറിന് 10 ഷോട്ടുകളുതിര്‍ത്തതില്‍ നാല് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ കഴിഞ്ഞത്.
ഇക്വഡോര്‍ ആക്രമണത്തിന്റെ നിയന്ത്രണമത്രയും വലെസിയക്കായിരുന്നു. എന്നര് വലന്സിയയുടയും അന്റോണിയോ വലന്‍സിയയുടെയും മോണ്ടെരോയുടെയും മുന്നേറ്റം ഹോണ്ടുറാസ് പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചു. എന്നാല്‍ ഹോണ്ടുറാസിന്റെ കടുത്ത ടാക്ലിങ്ങില്‍ നിന്ന് കുതറിമാറാനും എതിര് ഏരിയയില്‍ ഭീഷണി ഉയര്‍ത്താനും സഹതാരങ്ങള്‍ക്ക് കൃത്യമായ പാസ് നല്‍കുന്നതിനും വലന്‍സിയ ഇടം കണ്ടെത്തിയതോടെ ഹോണ്ടുറാസ് വലഞ്ഞു. ആദ്യപകുതിയില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇക്വഡോര്‍ രണ്ടാം പകുതിയില്‍ കളിയുടെ നല്ലൊരു ഭാഗവും സ്വന്തം നിയന്ത്രണത്തിലാക്കിയത് വലന്‍സിയയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ്.
മത്സരത്തിന്റെ 31-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗോളി വല്ലാഡാരസിന്റെ ഒരു ഗോള്‍കിക്ക് ഡിഫന്‍ഡര്‍ ഗ്വാഗ്വയെ വെട്ടിച്ച് ചാടി പിടിച്ചെടുത്ത കാര്‍ലോ കോസ്റ്റ്ലി ഒട്ടും സമയം പാഴാക്കാതെ തന്നെ ഗോളിലേയ്ക്ക് നിറയൊഴിച്ചു. ലോകകപ്പില്‍ 32 വര്‍ഷത്തിനുശേഷം ഹോണ്ടുറാസ് നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. എന്നാല്‍, ഹോണ്ടുറാസിന്റെ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായില്ല. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ എന്നര് വലന്‍സിയ ഗോള്‍ മടക്കി. 34-ാം മിനിറ്റില്‍ പരേഡസിന്റെ ഷോട്ട് ആദ്യം ഗോളി തടഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത വലെന്‍സിയ ഡിഫന്‍ഡര്‍ ബെര്നാര്ഡെസിനെ കബളിപ്പിച്ച് ഫിനിഷ് ചെയ്തു. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ഹോണ്ടുറാസിനുവേണ്ടി ബെങ്ങ്സ്റ്റണ് ഇക്വഡോര്‍ വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ബെങ്ങ്സ്റ്റണ് ഓഫ് സൈഡാണെന്നായിരുന്നു റഫറിയുടെ വിധിയെഴുത്ത്. എന്നാല്‍ ലൈന്സ്മാന് കൊടി ഉയര്‍ത്താതിരുന്നത് ഹോണ്ടുറാസ് താരങ്ങളുടെ പ്രതിഷേധത്തിന് വഴിവച്ചു. പ്രതിഷേധിച്ച ബെങ്ങ്സ്റ്റണിന് റഫറി മഞ്ഞ കാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. ഇതോടെ ആദ്യപകുതി 1-1ന് കലാശിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. വേഗതയേറിയ ആക്രമണ-പ്രത്യാക്രമണങ്ങളിലൂടെ ഇരുടീമുകളും കളം നിറഞ്ഞപ്പോള്‍ പോരാട്ടത്തിന്റെ ചൂടുകൂടി. ഇതിനിടെ 59-ാം മിനിറ്റില്‍ ഇക്വഡോറിന്റെ കയ്സെഡോയെ ബോക്സില്‍ വീഴ്ത്തിയതിന് അവര്‍ ഒരു പെനാല്‍റ്റി പ്രതീക്ഷിച്ചെങ്കിലും റഫറി കനിഞ്ഞില്ല. പിന്നീട് പരെഡസ് ഒരു അവസരം നഷ്ടപ്പെടുത്തിയെങ്കിലും 65-ാം മിനിറ്റില്‍ വലെന്‍സിയ ഇക്വഡോറിനായി ലീഡ് നേടി. അയോവി എടുത്ത അളന്നു മുറിച്ചുകൊണ്ടുള്ള ഫ്രീകിക്ക് ഡിഫന്‍ഡര്‍മാര്‍ക്കൊപ്പം ചാടിയാണ് വലന്‍സിയ നല്ലൊരു ഹെഡ്ഡറിലൂടെ വലത്തെ പോസ്റ്റിന്റെ മൂലയിലേക്ക് കുത്തിയിട്ടത്. പിന്നീട് കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ വലന്‍സിയ ഒരിക്കല്‍ക്കൂടി ഹോണ്ടുറാസ് വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. രണ്ട് ഗോളുകള്‍ നേടുകയും കളംനിറഞ്ഞുകളിക്കുകയും ചെയ്ത വലന്‍സിയയാണ് മാന്‍ ഒാഫ് ദ മാച്ചും. മെക്സിക്കന്‍ ക്ലബായ പചുക്കയുടെ സ്ട്രൈക്കറായ വലന്‍സിയ.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഫ്രാന്‍സാണ് ഇക്വഡോറിന്റെ എതിരാളികള്‍. ഹോണ്ടുറാസ് സ്വിറ്റ്സര്‍ലന്റിനെയും നേരിടും. ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സ് നേരത്തെത്തന്നെ യോഗ്യത നേടിയെങ്കിലും അവസാന മത്സരം കഴിഞ്ഞാലേ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലെത്തുന്ന രണ്ടാമത്തെ ടീമിനെ അറിയാന്‍ കഴിയൂ. 26നാണ് ഈ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: