മനൗസ്: ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് തകര്‍ന്നടിഞ്ഞ പോര്‍ച്ചുഗല്‍ ഇന്ന് രണ്ടാം പോരാട്ടത്തിന്. ഘാനയെ പരാജയപ്പെടുത്തി ആദ്യ മത്സരത്തില്‍ ഘാനയെ കീഴടക്കിയ അമേരിക്കയാണ് പോര്‍ച്ചുഗലിന് എതിരാളികള്‍. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് പോരാട്ടം.
പരിക്കിന്റെ പിടിയിലാണ് പോര്‍ച്ചുഗല്‍. ജര്‍മ്മനിക്കെതിരായ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത സൂപ്പര്‍താരം ക്രിസ്റ്റ്യാനോ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു. പിന്നാലെ പരിക്ക് വഷളാവുകയും ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച നടന്ന പരിശീലനത്തിനിടെ ഐസ് കട്ട വച്ചുകെട്ടിയാണ് റൊണാള്‍ഡോ മൈതാനത്തുനിന്ന് മടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം റൊണാള്‍ഡോ ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. റൊണാള്‍ഡോ പൂര്‍ണ്ണമായും ഫിറ്റാണെന്നും ഇന്ന് കളിക്കുമെന്നും പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ബെറ്റോ പറഞ്ഞു.
അതേസമയം ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ ചുവപ്പ്കാര്‍ഡ് കിട്ടിയ പ്രതിരോധനിരയിലെ കരുത്തന്‍ പെപ്പെയുടെ സേവനവും പോര്‍ച്ചുഗലിന് ലഭിക്കില്ല. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പ്രതിരോധനിര താരം ഫാബിയോ കോണ്‍ട്രാവോയുടെയും മുന്നേറ്റനിരക്കാരന്‍ ഹ്യൂഗോ അല്‍മെയ്ഡയുടെയും സേവനവും പറങ്കികള്‍ക്ക് ഇന്ന് ലഭിക്കില്ല. ഇതോടെ കനത്ത സമ്മര്‍ദ്ദത്തിലാണ് പോര്‍ച്ചുഗല്‍. നോക്കൗട്ട് റൗണ്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തിയേ പറ്റൂ. എന്നാല്‍ ജര്‍മ്മനിക്കെതിരെ പോര്‍ച്ചുഗല്‍ ടീം സമ്പൂര്‍ണ പരാജയമായിരുന്നു. പരിക്കിലായിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നു തമ്മില്‍ ഭേദം.
ഇന്ന് ക്രിസ്റ്റ്യാനോക്കൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയോ വരേലയോയായിരിക്കും സ്ട്രൈക്കറുടെ റോളില്‍ ഇറങ്ങുക. ജാവോ പെരേര, ബ്രൂണോ ആല്‍വസ്, ആന്ദ്രെ അല്‍മേയ്ഡ, റിക്കാര്‍ഡോ കോസ്റ്റ എന്നിവരായിരിക്കും അമേരിക്കന്‍ ആക്രമണങ്ങളെ തകര്‍ക്കാനായി പ്രതിരോധത്തില്‍ ഇറങ്ങുക. മധ്യനിര നാനിയ്‌ക്കൊപ്പം വലേസോ, മെയ്‌റാലസ്, മൗടീഞ്ഞോ, ബ്രൂണോ ആല്‍വസ് എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത.
അതേസമയം ആദ്യമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയുടെ പോരാട്ടവീര്യത്തെ അതിജീവിച്ചാണ് അമേരിക്ക ഇറങ്ങുക. ആദ്യ മത്സരത്തില്‍ അതിവേഗ ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്ലിന്റ് ഡെമ്പ്സി, ആള്‍ട്ടിഡോര്‍ എന്നിവരായിരിക്കും പോര്‍ച്ചുഗല്‍ ഗോള്‍വല കുലുക്കാനായി സ്ട്രൈക്കര്‍മാരായി കളത്തിലിറങ്ങുന്നത്. അതുപോലെ ഭേദപ്പെട്ട മധ്യനിരയും പ്രതിരോധവും അമേരിക്കക്ക് സ്വന്തമാണ്. ഗോള്‍വലയം കാക്കാനായി ഹെവാര്‍ഡും കളത്തിലിറങ്ങും. ഇന്നത്തെ മത്സരത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കിയാല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്നതിനാല്‍ ഈ ലക്ഷ്യം വെച്ചുതന്നെയായിരിക്കും മുന്‍ ഡച്ച് ഇതിഹാസം ക്ലിന്‍സ്മാന്റെ ശിക്ഷണത്തിലുള്ള അമേരിക്കന്‍ പട ഇറങ്ങുക.
















