റിയോ ഡി ജെയിനെറോ: നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ബെല്‍ജിയം ഇന്ന് ഗ്രൂപ്പ് എച്ചില്‍ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയുമായി സമനില പാലിച്ച കരുത്തരായ റഷ്യയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. ബെല്‍ജിയം ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ റഷ്യയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഈ ലോകകപ്പിന്റെ കറുത്തകുതിരകളാകുമെന്ന് പറയപ്പെടുന്ന ബെല്‍ജിയത്തിന് ആറ് പോയിന്റുമായി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാം. ആദ്യ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബെല്‍ജിയം രണ്ടെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.30നാണ് പോരാട്ടം.
അള്‍ജീരിയക്കെതിരായ അതേ ടീമിനെ തന്നെയായിരിക്കും ബെല്‍ജിയം ഇന്നും കളത്തിലിറക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡും റൊമേലു ലുകാകുവുമാണ് ബെല്‍ജിയം നിരയിലെ സൂപ്പര്‍താരം. സിറ്റിയുടെ വിന്‍സന്റ് കൊംപാനി നയിക്കുന്ന പ്രതിരോധനിരയും ശക്തമാണ്. വിംഗുകളില്‍ക്കൂടിയുള്ള ആക്രമണമാണ് ബെല്‍ജിയത്തിന്റെ കരുത്ത്. ഇടതുവിംഗില്‍ ഈഡന്‍ ഹസാര്‍ഡും വലതുവിംഗില്‍ കെവിന്‍ മിറാലസും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മൗസ ഡെംബലെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ആക്സല്‍ വിറ്റ്സലും നൈസര്‍ ചാഡ്ലിയും കളം നിറയാന്‍ രംഗത്തുണ്ടാവും. 4-2-3-1 എന്ന ശൈലിയില്‍ ഇറങ്ങുന്ന ബെല്‍ജിയത്തിന്റെ സ്ട്രൈക്കറായി റൊമേലു ലുകാകു ഇറങ്ങും. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലുകാകു നിറം മങ്ങിയിരുന്നു.
ഗോള്‍ വലയം കാക്കാന്‍ യുവതാരം തിബ്യൂട്ട് കുര്‍ട്ടോയിയും പ്രതിരോധനിരയില്‍ വിന്‍സന്റ് കോംപാനിയും ടോബി ആല്‍ഡര്‍വെയറല്‍ഡും യാന്‍ വെര്‍ട്ടോഗനും ഡാനിയേല്‍ വാന്‍ ബുയ്റ്റനും ഇറങ്ങുന്നതോടെ റഷ്യന്‍ മുന്നേറ്റ നിരക്ക് അല്‍പം വിയര്‍ക്കേണ്ടിവരും.
മറുവശത്ത് റഷ്യ മികച്ച ടീമാണെങ്കിലും ദക്ഷിണ കൊറിയയോട് ആദ്യ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതിന്റെ സമ്മര്‍ദ്ദത്തിലാണ്. ജയം ഉറപ്പിച്ച മത്സരത്തിലാണ് അവര്‍ക്ക് സമനില പാലിക്കേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം റഷ്യന്‍ പടക്ക് നിര്‍ണാകയമാണ്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി റഷ്യയുടെ സമനില ഗോള്‍ നേടിയ അലക്സാണ്ടര്‍ കെര്‍ഷക്കോവും കോക്കോറിനും ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.
തുടര്‍ച്ചയായ 11 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡുമായാണ് റഷ്യ ഇന്ന് ഇറങ്ങുന്നത്. മികച്ച മധ്യനിരയാണ് റഷ്യയുടെ കരുത്ത്. ക്യാപ്റ്റര്‍ റോമന്‍ ഷിര്‍ക്കോവ് നയിക്കുന്ന മധ്യനിരയില്‍ അലക്സാണ്ടര്‍ സാമെദോവ്, ഒലെഗ് ഷാറ്റോവ്, ഗ്ലൂഷകോവ് എന്നിവര്‍ തന്നെയായിരിക്കും ഇന്നും ഇറങ്ങുക. മികച്ച പ്രതിരോധനിരയും റഷ്യക്ക് സ്വന്തമാണ്. എന്തായാലും ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായതിനാല്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും മാരക്കാന സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊറിയയും അള്‍ജീരിയയും തമ്മില്‍ ഏറ്റുമുട്ടും. പോര്‍ട്ട് അലെഗ്രെയില്‍ പുലര്‍ച്ചെ 3.30നാണ് മത്സരം. കൊറിയ ആദ്യ മത്സരത്തില്‍ റഷ്യയോട് സമനില പാലിച്ചപ്പോള്‍ അള്‍ജീരിയ ബെല്‍ജിയത്തോട് ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങി പരാജയപ്പെടുകയായിരുന്നു. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
















