ക്യൂരിറ്റിബ: ഇക്വഡോറിന് ഹോണ്ടുറാസിനെതിരെ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. വലന്‍സിയയുടെ ഇരട്ട ഗോള്‍ മികവാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്.
മുപ്പത്തിയൊന്നാം മിനിറ്റില്‍ കാര്‍ലൊ കോസ്റ്റ്‌ലിയിലൂടെ ഹോണ്ടുറാസാണ് ലീഡ് നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിന് ശേഷം വലന്‍സിയ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. പരേഡസിന്റെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത വലന്‍സിയക്ക് പിഴച്ചില്ല. അറുപത്തിയഞ്ചാം മിനിറ്റിലായിരുന്നു വലന്‍സിയയുടെ രണ്ടാം ഗോള്‍. അയോവിയുടെ കിക്ക് ഹോണ്ടുറാസ് പ്രതിരോധ നിരക്കാരെയയും വെട്ടിച്ച് വലന്‍സിയ പോസ്റ്റിന്റെ വലതുമൂലയിലേക്ക് കുത്തിയിടുകയായിരുന്നു.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഹോണ്ടുറാസിന് വേണ്ടി ബെങ്സ്റ്റണ്‍ ലക്ഷ്യം കണ്ടെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ ലൈന്‍സ്മാന്‍ കൊടി ഉയര്‍ത്തിയിരുന്നില്ല. ഇത് ഹോണ്ടുറാസ് താരങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി.
മത്സരം അവേശേഷിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ വലന്‍സിയ ഒരിക്കല്‍ കൂടി വല കുലുക്കിയിരുന്നു. ഇതും റഫറി ഓഫ്‌സൈഡ് വിളിച്ചു.
ഗ്രൂപ്പ് ഡിയില്‍ നിന്നും ഫ്രാന്‍സാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇക്വഡോറിന്റെ അടുത്ത മത്സരം ഫ്രാന്‍സിനെതിരെയാണ്.
















