ഫോര്‍ട്ടാലെസ: നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ജര്‍മ്മനി ഇന്ന് രണ്ടാം പോരിന്. ഗ്രൂപ്പ് ജിയില്‍ ഘാനയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്.
ആദ്യ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ജര്‍മ്മനിക്ക് ഘാന ഇന്ന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതാനാവില്ല. ഘാനയാകട്ടെ ആദ്യ മത്സരത്തില്‍ പൊരുതിക്കളിച്ചിട്ടും അമേരിക്കയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇന്നത്തെ പോരാട്ടത്തില്‍ ഘാന വിജയിച്ചാല്‍ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഇതുമാറും. എന്നാല്‍ നിലവിലെ പ്രകടനം വച്ചുനോക്കുമ്പോള്‍ അതിനുള്ള അതിനുള്ള സാധ്യത വിദൂരമാണ്. മാത്രമല്ല പോര്‍ച്ചുഗലിനെതിരെ ഹാട്രിക്ക് നേടിയ തോമസ് മുള്ളറെയും സൂപ്പര്‍താരങ്ങളായ മെസ്യൂട്ട് ഓസില്‍, മരിയോ ഗോട്സെ, സമീ ഖദീര എന്നിവരെയും ഘാന താരങ്ങള്‍ എങ്ങനെ പിടിച്ചുകെട്ടണമെങ്കില്‍ ഘാന സംഘത്തിന് കഠിനപ്രയത്നം തന്നെ ചെയ്യേണ്ടിവരും.
ബോട്ടെംഗ് സഹോദരന്മാരില് ഒരാള്‍ ജര്‍മ്മനിക്കും ഒരാള്‍ ഘാനക്കും വേണ്ടി കളിക്കുമെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ട്. കെവിന് പ്രിന്‍സ് ബോട്ടെംഗും ജെറോം ബോട്ടെംഗുമാണ് ഈ രണ്ട് താരങ്ങള്‍. കെവിന് പ്രിന്‍സ് ഘാനയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറും ജെറോം ജര്‍മ്മനിയുടെ പ്രതിരോധനിരയിലെ കരുത്തനുമാണ്.
പോര്‍ച്ചുഗലിനെ തകര്‍ത്ത അതേ ടീം തന്നെയായിരിക്കും ജര്‍മ്മനി ഇന്ന് കളത്തിലിറക്കുക. മധ്യനിരയില്‍ കളിമെനയുന്നതിന് തുടക്കമിടാനായി സമി ഖദീരയും ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍മാരായി ഓസിലും ക്രൂസും ഗോട്സെയും അരങ്ങുതകര്ക്കാനുറച്ച് ഇറങ്ങുമ്പോള്‍ ഘാന പ്രതിരോധത്തിന് പണി കൂടും. ഇവര്‍ ബോക്സിലേക്കെത്തിച്ചുകൊടുക്കുന്ന പന്ത് വലയിലെത്തിക്കുക എന്ന ഉത്തരവാദിത്വമാണ് സ്ട്രൈക്കറായി ഇറങ്ങുന്ന തോമസ് മുള്ളര്ക്കുള്ളത്. ഘാന ആക്രമണങ്ങളെ ചെറുക്കാന്‍ പ്രതിരോധത്തില്‍ ജെറോം ബോട്ടെംഗും മെര്റ്റസാക്കറും ഹമ്മല്‍സും ബെനഡിക്ട് ഹൊവീഡ്സും ഇറങ്ങും. ഗോള്‍ വലയം കാക്കുന്നത് വിശ്വസ്തനായ ന്യുയര്‍ തന്നെയാണ്.
അതേസമയം അമേരിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെടേണ്ടിവന്നതിന്റെ ക്ഷീണത്തിലാണ് ഘാന രണ്ടാം പോരിനിറങ്ങുന്നത്. സ്ട്രൈക്കറും ക്യാപ്റ്റനുമായ അസമോവ ഗ്യാനും ബോട്ടെംഗും പ്ലേ മേക്കര്‍ മൈക്കല്‍ എസ്സിയാന്‍, സുള്ളി മുണ്ടാരി, ക്രിസ്റ്റ്യന്‍ അറ്റ്സു തുടങ്ങിയവരാണ് ഘാന നിരയിലെ കരുത്തര്‍. അമേരിക്കക്കെതിരെ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് ആഫ്രിക്കന്‍ കരുത്തര്‍ക്ക് തിരിച്ചടിയായത്. എന്നാല്‍ ഇന്ന് കഴിഞ്ഞ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഘാന ജര്‍മ്മനിക്കെതിരെ ഇറങ്ങിയാല്‍ തീപാറും പോരാട്ടത്തിനായിരിക്കും വഴിയൊരുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: