ഝാര്‍ഖണ്ഡില്‍നിന്നും പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ ഓര്‍ഫനേജുകളിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ലാഘവത്തോടെ കാണാന്‍ ആകില്ലെന്നും നിരീക്ഷിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഈ സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. കേസില്‍ കക്ഷി ചേര്‍ത്ത സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടിക്കടത്ത് അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും കോടതി പറഞ്ഞു. 485 കുട്ടികളാണ് ഒരു ദിവസം സംസ്ഥാനത്ത് എത്തിയത്. ഇതില്‍ 213 കുട്ടികളെ അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുകയും 46 കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. കോഴിക്കോട് മുക്കം മുസ്ലിം ഓര്‍ഫനേജിലേക്കും മലപ്പുറം വെട്ടത്തൂര്‍ അന്‍വാറുല്‍ഹുദ കോംപ്ലക്സ് യത്തിംഖാനയിലേക്കുമാണ് കുട്ടികളെ എത്തിച്ചത് എന്ന വസ്തുത ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യത്തിന് തെളിവാണ്. മുക്കത്തേക്ക് 455 കുട്ടികളെയും 10 കൈക്കുഞ്ഞുങ്ങളെയും എത്തിച്ചു. വെട്ടത്തൂരിലേക്ക് 123 കുട്ടികളെയും. ഓര്‍ഫനേജുകളില്‍ കുട്ടികളുടെ എണ്ണമനുസരിച്ച് ഗ്രാന്റ് കിട്ടും. പക്ഷേ മുസ്ലിം ഓര്‍ഫനേജുകളില്‍ മാത്രം ഈ കുട്ടികളെ എത്തിച്ചതിന് പിന്നില്‍ സര്‍ക്കാര്‍ ഗ്രാന്റല്ല, മറിച്ച് മതംമാറ്റമാണെന്ന് വളരെ വ്യക്തമാണ്. ഇടനിലക്കാരന് പണം നല്‍കിയാണ് കുട്ടികളെ വാങ്ങി അനാഥാലയത്തില്‍ എത്തിച്ചത്. കുട്ടികള്‍ അനാഥാലയങ്ങളിലല്ല, സ്വന്തം കുടുംബത്തിലാണ് വളരേണ്ടതെന്ന് ശിശുക്ഷേമ സമിതി ചൂണ്ടിക്കാണിച്ചു. ഇപ്പോള്‍ അനാഥാലയങ്ങളിലെത്തിച്ചവരില് ചിലരെ ശിശുക്ഷേമ സമിതിക്കും കൈമാറി.
ഇപ്പോള്‍ ക്രൈംബ്രാഞ്ച് കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത് 11 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ ഇടനിലക്കാരും വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്നവരുമാണ്. എന്തായിരുന്നു ഇവരുടെ അടിസ്ഥാന ലക്ഷ്യം എന്നത് ഇപ്പോഴും അജ്ഞാതമാണ്. കേരളത്തിലെ അനാഥാലയങ്ങള്‍ അനാഥം തന്നെയാണ്. അവിടെ എന്തുനടക്കുന്നു എന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. മാതാപിതാക്കളുടെ അനുമതി പത്രം, വില്ലേജ് ഓഫീസിലെ രേഖ, പഞ്ചായത്തില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ കയ്യിലുണ്ടായിരുന്നവരുടെ പക്കല്‍നിന്നും പരിശോധനയ്ക്കായി എടുത്തു. മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക് രേഖകളുള്ള 156 കുട്ടികളെ ശിശുക്ഷേമ സമിതി കോഴിക്കോട്ടെത്തിച്ചു. സിബിഐയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്താണ് സിബിഐ അന്വേഷണമാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും എന്താണിവിടെ സംഭവിക്കുന്നതെന്നും എങ്ങനെയാണ്, എന്തിനുവേണ്ടിയാണ് കുട്ടികളെ എത്തിച്ചതെന്നുമുള്ള സത്യം അറിയണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്. കൊണ്ടുവന്ന കുട്ടികളില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു എന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോടതി കൂട്ടിച്ചേര്‍ത്തത് കോടതി കുട്ടികളുട രക്ഷിതാവും സംരക്ഷകനും കൂടിയാണ് എന്നാണ്. കോടതി നിരീക്ഷണം സമയോചിതവും യാഥാര്ത്ഥ്യബോധത്തോടെയുള്ളതുമാണ്. ഇന്ന് കുട്ടികള്‍ വെറും വില്‍പ്പനച്ചരക്കായി മാറുമ്പോള്‍ അവരുടെ ബാലാവകാശങ്ങളും മനുഷ്യാവകാശങ്ങളും അവഗണിക്കപ്പെടുകയാണ്. ഒന്നോ രണ്ടോ കുട്ടികളല്ല, 578 കുട്ടികളെയാണ് കേരളത്തിലെത്തിച്ചത്. ഏജന്റുമാര്‍ സക്കിര്‍ അക്ത്തറും ഷഫിക്ക് ഷെയ്ക്കുമാണ്.
ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മുതല്‍ 14 വയസ്സുവരെയുള്ള 455 കുട്ടികളുണ്ടായിരുന്നത്. ടിക്കറ്റോ രേഖകളോ ഇല്ലാതെയാണവര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് അനാഥാലയങ്ങളില്‍നിന്നും വ്യാജ രേഖകളും പിടിച്ചെടുത്തു. ഇന്ത്യയിലും കേരളത്തിലും ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു പ്രവണത കുട്ടികളുടെ ദുരുപയോഗം മാത്രമല്ല, അതിന്റെ പിന്നിലെ മത അജണ്ടയും കൂടിയാണ്. അതിനാല്‍ ഈ കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത് വളരെ ഉചിതമായി. ഈ കുട്ടിക്കടത്ത് മനുഷ്യക്കടത്തല്ല എന്ന മന്ത്രി മുനീര്‍ നല്കിയ വിശദീകരണവും ഇതിന്റെ പിന്നില്‍ ഗൂഢഅജണ്ടയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഇന്ന് കേരളത്തില്‍ മനുഷ്യവ്യാപാരവും ശക്തിപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നല്ലോ ഒരു സ്ത്രീ വനിതകളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഗള്ഫിലേയ്ക്കയക്കുന്ന പല സ്ത്രീകളും ഷേക്കുമാരുടെ അന്തഃപുരത്തില്‍ എത്തുന്നതായും വാര്‍ത്തയുണ്ട്. കുട്ടിക്കടത്ത് ക്രൂരവും അക്ഷന്തവ്യവുമാണ്. കുട്ടികള്‍ വളരേണ്ടത് രക്ഷിതാക്കള്‍ക്കൊപ്പമാണ്. പക്ഷേ ഇന്ന് രക്ഷിതാക്കള്‍ പോലും അവരെ വില്‍പ്പനച്ചരക്കാക്കുമ്പോള്‍ കുട്ടികളുടെ ബാല-മനുഷ്യാവകാശങ്ങള്‍ സുരക്ഷിതമാക്കേണ്ട ചുമതല സര്‍ക്കാരിനും ശിശുക്ഷേമത്തിന് സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുകള്‍ക്കുമാണ്. ഈ കുട്ടിക്കടത്ത് അടിവരയിടുന്നത് അനാഥാലയങ്ങളെപ്പറ്റിയുളള സര്‍ക്കാരിന്റെ അനാസ്ഥയ്ക്കു കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: