തൃശൂര്‍: ഒരു ദശാബ്ദത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കരുത്തുറ്റ ശബ്ദമാണ് നരേന്ദ്രമോദിയിലൂടെ പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ കഴിഞ്ഞതെന്ന് സി.എന്‍. ജയദേവന് എംപി. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് ജ്യോത്സ്യത്തില്‍ വിശ്വാസമുള്ള തന്റെ ഭാര്യ ജ്യോത്സ്യനെ വിളിച്ചുവരുത്തി നാള് വച്ച് നോക്കിയപ്പോള്‍ തനിക്ക് മോദിയുമായി സംസാരിക്കാനുള്ള ഭാഗ്യമുണ്ടെന്ന് പറയുകയുണ്ടായി. അതിനര്‍ഥം മോദി അധികാരത്തില്‍ വരുമെന്നും, താന്‍ എംപിയാകുമെന്നുമായിരുന്നു. വനം കയ്യേറിയവര്‍ക്കെല്ലാം പതിച്ചുകൊടുക്കണമെന്ന അഭിപ്രായം തനിക്കില്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്.
ഒരു പത്രം നടത്തിക്കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക് നന്നായി അറിയാം. ജന്മഭൂമിയുടെ പുതിയ എഡിഷന് വരുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. മാധ്യമ പ്രവര്‍ത്തനത്തില്‍ മര്യാദ പാലിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി പത്രം വ്യക്തിഹത്യയ്ക്ക് മുതിര്‍ന്നപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുത്തിയിട്ടുണ്ട്. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ജോഷി, വെങ്കയ്യനായിഡു തുടങ്ങി കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന നേതാക്കളെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുണ്ടായ ചാരിതാര്‍ഥ്യം ഏറെയാണ്. രാഷ്ട്രീയത്തിലുപരി പാര്‍ലമെന്റില്‍ കാണാന്‍ കഴിഞ്ഞ വൈവിധ്യം അമ്പരപ്പിക്കുന്നതായിരുന്നു.
സാംസ്കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും ജന്മഭൂമിയുടെ തൃശൂര്‍ എഡിഷനെന്ന് പി.കെ. ബിജു എംപി പറഞ്ഞു. മാധ്യമ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ജന്മഭൂമിക്ക് സാധിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: