ബിജാപ്പൂര്‍: കര്‍ണാടകയിലെ ബിജാപ്പൂരില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരി മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയാണ് അക്ഷത കുഴല്‍ക്കിണറില്‍ വീണത്. രണ്ട് ദിവസമായി അക്ഷതയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയായിരുന്നു. കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കുഴല്‍ക്കിണറിനുള്ളില്‍ വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഗത്തായിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലേക്ക് അക്ഷത വീണത്. 260 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 32 അടിയില്‍ താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. അക്ഷതയുടെ ജീവന് നിലനിര്‍ത്താന്‍ ട്യൂബ് വഴി ഓക്സിജന്‍ നല്കുന്നുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. അഞ്ച് ഡോക്ടര്‍മാരും അക്ഷതയുടെ ജീവന് നിലനിര്‍ത്താന്‍ മുഴുവന്‍ സമയവും അവിടെയുണ്ടായിരുന്നു. കുഴല്‍ക്കിണറിനു സമാന്തരമായി 36 അടിയോളം താഴ്ചയുള്ള മറ്റൊരു കുഴിയുണ്ടാക്കി കുറുകെ തുരങ്കം നിര്‍മിച്ചു കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍ ശ്രമം വിഫലമായി. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു നാടു മുഴുവനും അക്ഷതക്കുവേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു. കളിച്ചുനടന്ന നാലുവയസുകാരി ഇനി തിരിച്ചുവരില്ലെന്ന സത്യം ബിജാപൂരിനെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
ബിജാപൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: