റിയോ ഡി ജെയിനെറോ: നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ പോലും പ്രവേശിക്കാതെ പുറത്തായി. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ചാമ്പ്യന്മാര് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങുന്നത്. ഹോളണ്ടിനെതിരെ 5-1നും ചിലിയോട് 2-0നും തോറ്റതോടെയാണ് സ്പെയിന് പ്രീ-ക്വാര്‍ട്ടര്‍ പ്രവേശത്തിന് അനര്‍ഹരായത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും നേടിയ സ്പെയിനിന്റെ പതനം ഏറെ ഞെട്ടലോടെ ആരാധകര്‍ കണ്ടുനിന്നു. അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെയെങ്കിലും സ്പെയിന് ഒരു പോയിന്റ് നേടുമോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് ലോകചാമ്പ്യന്മാര് ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. ഇറ്റലി രണ്ട് തവണയും ബ്രസീലും ഫ്രാന്‍സും ഒരു വട്ടവും ഒന്നാം റൗണ്ടില്‍ അടിതെറ്റിവീണു.
1938ലെ ചാമ്പ്യന്മാരായ ഇറ്റലി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1950-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. 2 മത്സരങ്ങളില്‍ ഒന്ന് വിജയിച്ചെങ്കിലും ഗ്രൂപ്പില്‍ സ്വീഡന് പിന്നിലായ അസൂറികള്‍ക്ക് ഫൈനല്‍ റൗണ്ട് അന്യമായി.
1966-ല്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ ബ്രസീലിനെയും ഈ ദുരന്തം പിടികൂടി. 1962-ലെ ചാമ്പ്യന്മാര്ക്ക് ഗ്രൂപ്പ് മൂന്നില്‍ ഒരു മത്സരത്തില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളു. പോര്‍ച്ചുഗല്‍, ഹംഗറി, ബള്‍ഗേറിയ എന്നീ രാജ്യങ്ങളായിരുന്നു ബ്രസീലിന്റെ ഗ്രൂപ്പില്‍. ബള്‍ഗേറിയക്കെതിരെ ജയിച്ചെങ്കിലും പോര്‍ച്ചുഗലിനും ഹംഗറിക്കും മുന്നില്‍ മുട്ടുകുത്തയതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി.
പിന്നീട് 2002ല്‍ ദുരന്തം ആവര്‍ത്തിക്കപ്പെട്ടു. 1998-ല്‍ സ്വന്തം മണ്ണില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സായിരുന്നു ഇത്തവണത്തെ ഇര. ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ഒരു സമനില മാത്രമായിരുന്നു ഫ്രാന്‍സിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ സെനഗലിനോടു തോറ്റ ചാമ്പ്യന്മാര് ഉറുഗ്വെക്കെതിരെ സമനില നേടിയെങ്കിലും അവസാന കളിയില്‍ ഡെന്മാര്ക്കിനോടും കീഴടങ്ങിയതോടെ ഗ്രൂപ്പില്‍ ഏറ്റവും അവസാനസ്ഥാനക്കാരായി ഫ്രാന്‍സ്.
2006-ല്‍ ജര്‍മ്മന്‍ മണ്ണില്‍ കിരീടം നേടിയ ഇറ്റലിക്ക് കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇതേ ദുര്‍വിധി നേരിട്ടു. ഗ്രൂപ്പ് എഫില്‍ പരാഗ്വെ, ന്യൂസിലാന്റ്, സ്ലോവാക്യ എന്നീ ദുര്‍ബലരായിരുന്നു ഇറ്റലിയുടെ എതിരാളികള്‍. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇറ്റലി അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രണ്ട് സമനിലയും ഒരു തോല്‍വിയുമായിരുന്നു ഇറ്റലിയുടെ അക്കൗണ്ടില്‍.
ഒന്നാം ഘട്ടത്തില്‍ പുറത്തായെങ്കിലും ഒരു പോയിന്റ് പോലും നേടാതെ മടങ്ങേണ്ട ഗതികേട് ഇറ്റലിക്കോ ബ്രസീലിനോ ഫ്രാന്‍സിനോ ഉണ്ടായിട്ടില്ല. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരത്തില്‍ സമനിലയെങ്കിലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പോയിന്റില്ലാതെ നാട്ടിലേക്ക് വിമാനം കയറിയ ആദ്യ ചാമ്പ്യന്മാരെന്ന ചീത്തപ്പേരുകൂടി സ്പെയിനിന് ചാര്‍ത്തിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: