മനൗസ്: ക്രൊയേഷ്യ നടത്തിയ ഗോള്‍വര്‍ഷത്തില്‍ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനോട് പരാജയപ്പെട്ട ക്രൊയേഷ്യ ഇന്നലെ നടന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ മുക്കിയത്. തകര്‍പ്പന്‍ പ്രകടനത്തോടെ ക്രൊയേഷ്യ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. 24ന് നടക്കുന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ മെക്സിക്കോയെ പരാജയപ്പെടുത്തിയാല്‍ ക്രൊയേഷ്യക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.
കാമറൂണിനെ വെറും കാഴ്ചക്കാരാക്കിയ മത്സരത്തില്‍ 11-ാം മിനിറ്റില്‍ ഒലിച്ചും 48-ാം മിനിറ്റില്‍ പെരിസിച്ചും 61, 73 മിനിറ്റുകളില്‍ മരിയോ മാന്‍സുകിച്ചും ക്രൊയേഷ്യക്കായി ഗോളുകള്‍ നേടി. ലോകകപ്പ് ചരിത്രത്തിലെ ക്രൊയേഷ്യയുടെ ഏറ്റവും മികച്ച വിജയമാണിത്. 40-ാം മിനിറ്റില്‍ അലക്സ് സോങ്ങിനെ ചുവപ്പ് കാര്‍ഡ് നഷ്ടപ്പെട്ട കാമറൂണ്‍ പിന്നീടുള്ള 50 മിനിറ്റ് പത്തുപേരെയും വച്ചാണ് കളിച്ചത്.
ക്രൊയേഷ്യന്‍ മുന്നേറ്റത്തെ മധ്യനിരയിലോ പിന്‍നിരയിലൊ കാര്യമായി പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാണ് കാമറൂണിന്റെ ദയനീയ പരാജയത്തിന് കാരണം. 11-ാം മിനിറ്റില്‍ സര്‍നയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെഡ്ജു വരുത്തിയ വീഴ്ചയാണ് ഗോളിന് വഴിവച്ചത്. പന്ത് പിടിച്ചെടുത്ത പെരിസിച്ച് ഒലിചിന് കൈമാറി. ഒലിചിന് പിഴച്ചില്ല, ഒരു പ്രതിരോധക്കാരനെ കബളിപ്പിച്ച് പന്ത് വലയിലേക്ക്. തുടര്‍ന്നും ക്രൊയേഷ്യന്‍ താരങ്ങളുടെ തുടര്‍ച്ചയായ ആക്രമണത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇതിനിടയിലാണ് 40-ാം മിനിറ്റില്‍ അനാവശ്യ ഫൗളിലൂടെ കാമറൂണിന്റെ അലക്സ് സോംഗ് ചുവപ്പുകാര്‍ഡ് വാങ്ങിയത്. പന്ത് കൈവശമില്ലാതിരുന്നിട്ടും മാന്‍സുകിച്ചിനെ പിറകില്‍ നിന്ന് മുട്ടുകൊണ്ടു ഇടിച്ചതിനാണ് ചുവപ്പുകാര്‍ഡ് കിട്ടിയത്. ഇതോടെ ആകെ താളം തെറ്റിയ അവസ്ഥയിലായി അവര്‍. ആദ്യപകുതിയില്‍ ക്രൊയേഷ്യ 1-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റായപ്പോഴേക്കും പെരിസിച്ച് ക്രൊയേഷ്യയുടെ ലീഡ് വര്‍ധിപ്പിച്ചു. ഇറ്റന്‍ജേയുടെ ഒരു പിഴച്ച ക്ലിയറിങ് പിടിച്ചെടുത്ത പെരിസിച്ച് എംബിയക്കൊപ്പം ഗ്രൗണ്ടിന്റെ നീളമത്രയും ഒാടിക്കയറിയ ശേഷമാണ് പന്ത് മനോഹരമായി കാമറൂണ്‍ വലയില്‍ നിക്ഷേപിച്ചത്.
അധികം വൈകാതെ തന്നെ ഒരവസരം നഷ്ടമാക്കിയ മാന്‍സുകിച്ച് 61-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഡാനിയേല്‍ പ്രാനിച്ച് എടുത്ത കോര്‍ണറിന് ഉയര്‍ന്നുചാടി മാന്‍സുകിച്ച് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് പന്ത് വലയിലെത്തിച്ചത്.
കാമറൂണ്‍ ഏതാണ്ട് പൂര്‍ണമായി തന്നെ തകര്‍ന്നടിഞ്ഞിരിക്കെ 73-ാം മിനിറ്റില്‍ മാന്‍സുകിച്ച് ഒരിക്കല്‍ക്കൂടി വല ചലിപ്പിച്ചു. എഡ്വാര്‍ഡോയുടെ ഷോട്ട് ഗോളി തട്ടിയകറ്റിയെങ്കിലും പന്ത് കിട്ടിയത് മാന്‍സുകിച്ചിന്. ഏറെയൊന്നും ആയാസപ്പെടാതെ മാന്‍സുകിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. നാല് ഗോളിന്റെ ലീഡ് നേടിയിട്ടും ക്രൊയേഷ്യ ആക്രമണം കുറച്ചില്ല. 87-ാം മിനിറ്റില്‍ റെബിച്ചിന്റെ ഒരു മുന്നേറ്റം ഗോളാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്.
തൊട്ടടുത്ത മിനിറ്റില്‍ ഓഫ് സൈഡ് കെണിയില്‍ നിന്ന് രക്ഷപ്പെട്ട് മുന്നേറില്‍ റെബിച് നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് റാകിടിച്ച് പോസ്റ്റിലേയ്‌ക്ക് തൊടുത്തെങ്കിലും ബാറിന് മുകളിലൂടെ പറന്നു. രണ്ട് ഗോള്‍ നേടുകയും മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്ത മാന്‍സുകിച്ചാണ് മാന്‍ ഓഫ് ദ മാച്ച്.
















