പള്ളുരുത്തി: കൊച്ചി തുറമുഖത്ത് അനധികൃതമായി പാട്ടത്തിന് നല്കിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കാന്‍ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ ശക്തമായതായി സൂചന.
കുറഞ്ഞ തുകയ്ക്ക് പാട്ടത്തിനെടുക്കുന്ന ഭൂമി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മറിച്ചുകൊടുക്കുന്ന വമ്പന്‍ ഇടനിലക്കാരാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. കേരളത്തിലെ പ്രധാന തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ക്ക് ഇവിടെ പാട്ടഭൂമിയുണ്ട്. ഇതുകൂടാതെ കൊച്ചിന് തുറമുഖത്തൊഴിലാളി യൂണിയന്, കൊച്ചിന് ഡോക്ക് എംപ്ലോയീസ് അസോസിയേഷന്, കൊച്ചിന് പോര്‍ട്ട് ആന്റ് ഡോക്ക് എംപ്ലോയീസ് യൂണിയന് (എഐടിയുസി) തുടങ്ങിയ സംഘടനകള്‍ക്കും പാട്ടഭൂമിയുണ്ട്.
വിവരാവകാശപ്രകാരം നല്കിയ വിവരങ്ങളില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി അനുവദിച്ചതായി കാണുന്നു. വര്‍ഷങ്ങളോളമായി ഈ സംഘടനകള്‍ ഇതിന്റെ ഗുണം അനുഭവിച്ചുവരുന്നതിന് പുറമെ സംഘടനകളുടെ യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കെട്ടിടങ്ങളും അനുവദിച്ചിട്ടുണ്ട്. ഇത്തരം പാട്ടഭൂമികള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി ശക്തമായ നടപടികള്‍ വേണമെന്ന് പോര്‍ട്ട്ട്രസ്റ്റ് ബോര്‍ഡ് യോഗം തീരുമാനിച്ചുവെങ്കിലും നടപടികള്‍ പിന്നീട് മുന്നോട്ട് നീങ്ങിയില്ല.
എന്നാല്‍ പോര്‍ട്ട് ബോര്‍ഡ് യോഗതീരുമാനം അട്ടിമറിക്കുന്ന രീതിയില്‍ പാട്ടഭൂമിയുടെ ചുമതലയുള്ള എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുകയായിരുന്നു. നൂറോളം പ്ലോട്ടുകളുടെ പാട്ടകാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നുവെങ്കിലും ഇതില്‍ പകുതിയിലധികംപേരും 223 പേര്‍ക്കായി വാടകയ്ക്ക് കൊടുത്ത് വന്‍ തുക വാങ്ങിയെടുത്തതായി പോര്‍ട്ട്ട്രസ്റ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവിലെ കരാറുകാരെ ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.
പോര്‍ട്ട്ട്രസ്റ്റ് ഭൂമി പോര്‍ട്ട് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ പാട്ടത്തിന് കൊടുക്കരുതെന്ന നിര്‍ദ്ദേശവും ഇതിലുണ്ട്. തുറമുഖത്തെ പാട്ടക്കാരെല്ലാം വന്‍കിടക്കാരാണെന്ന് പോര്‍ട്ട്ട്രസ്റ്റ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരായ നടപടികള്‍ പേരിനുപോലും മുന്നോട്ടുനീക്കാന്‍ എസ്റ്റേറ്റ് വിഭാഗം തയ്യാറായിട്ടില്ല. പോര്‍ട്ട്ട്രസ്റ്റിന്റെ മുന്‍ സെക്രട്ടറി സിറിള്‍ ജോര്‍ജിന്റെ കാലത്താണ് ഇടപാടുകള്‍ അനസ്യൂതം നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇദ്ദേഹം സ്ഥലം മാറിപ്പോയ സാഹചര്യത്തില്‍ എസ്റ്റേറ്റിന്റെ ചുമതല ചീഫ് എഞ്ചിനീയറെ ഏല്‍പ്പിക്കുകയായിരുന്നു.
നിലവിലെ പാട്ടഭൂമി അങ്ങനെതന്നെ നിലനിര്‍ത്തിപ്പോരണമെന്ന് ആഗ്രഹിക്കുന്ന വലിയവിഭാഗം ഉദ്യോഗസ്ഥര്‍ പോര്‍ട്ട്ട്രസ്റ്റില്‍ തന്നെയുണ്ട്. ഈ സ്വാധീനം വെച്ച് പാട്ടക്കരാര്‍ തിരക്കുപിടിച്ച് പുതുക്കി നല്‍കുന്നതിനും ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇത്തരത്തിലുള്ള നീക്കം വിജയിച്ചുകിട്ടിയാല്‍ കോടതി ഏറ്റവും കണ്ണായ സ്ഥലങ്ങള്‍പോലും പാട്ടക്കരാറിന്റെ മറവില്‍ അന്യരുടെ കൈകളിലാണ്. കോടികളുടെ സ്വത്തുവകകള്‍ നിസ്സാരമായി തട്ടിയെടുത്ത് വീതിച്ചെടുക്കുന്നതിന് രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണ്. ഈ അവസരത്തില്‍ പോര്‍ട്ട്ട്രസ്റ്റിന്തിരെ വിമര്‍ശനവുമായി ബിഎംഎസ് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. നിയമവിരുദ്ധമായി കെട്ടിടം കൈവശപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: