വൈക്കം: യാത്രാബോട്ടില്‍ തീ പടര്‍ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. ഇന്നലെ രാവിലെ 5.35ന് വൈക്കത്തുനിന്നും തവണക്കടവിലേക്ക് പുറപ്പെട്ട ബോട്ടിലാണ് തീ ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മണിക്കൂറുകളോളം ജെട്ടി പരിസരത്തെ സംഘര്‍ഷാവസ്ഥയിലെത്തിച്ചു. ബോട്ടിലെ സൈലന്‍സര്‍ പായ്ക്കിംഗ് കത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഈ സമയം ബോട്ടിലുണ്ടായിരുന്നവര്‍ അലറിവിളിച്ചു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ബോട്ട് പിടിച്ചുകെട്ടി. ഉടന്‍തന്നെ ജീവനക്കാര്‍ റബര്‍ കഷണം കൊണ്ട് പായ്ക്കിംഗ് താല്‍ക്കാലികമായി ശരിയാക്കുകയും ബോട്ട് സര്‍വീസ് തുടരുകയും ചെയ്തു.
നിലവില്‍ മൂന്നു ബോട്ടുകള്‍ സര്‍വീസ് നടത്തേണ്ട ഇവിടെ ഇപ്പോള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. ഇതില്‍ ഒരെണ്ണം മിക്ക ദിവസങ്ങളിലും സര്‍വീസിനിടയില്‍ പണി മുടക്കുന്നു. എന്നാല്‍ ഇതിനു ശാശ്വത പരിഹാരമുണ്ടാക്കേണ്ട ജലഗതാഗത വകുപ്പ് ഡയറക്ടറും വൈക്കത്തെ സ്റ്റേഷന് മാസ്റ്ററും തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. നിലവില്‍ വൈക്കം ജെട്ടിയിലുള്ള ബോട്ടുകള്‍ക്ക് ഒന്നിനും ഫിറ്റ്നസ് ഇല്ല. വരും നാളുകളില്‍ ഇതു വലിയ ദുരന്തത്തിനു വഴി തെളിച്ചേക്കും. ആഴ്ചയിലൊരിക്കല്‍ വിരുന്നുകാരനെപ്പോലെ എത്തുന്ന സ്റ്റേഷന് മാസ്റ്റര്‍ ഇതിനെയെല്ലാം തമാശ രൂപത്തില്‍ കാണുന്നെന്നാണ് ആക്ഷേപം.
ജെട്ടിയില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഇന്നലെ സ്റ്റേഷന് മാസ്റ്റര്‍ എത്തിയത് 11നാണ്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്റ്റേഷന് മാസ്റ്ററെ തടഞ്ഞുവച്ചു. സംഭവം അതിരുവിട്ടപ്പോള്‍ വൈക്കം എസ്ഐ ഡി. ഡിബിന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്റ്റേഷന് മാസ്റ്ററുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. താന്‍ വിചാരിച്ചാല്‍ ഇവിടെ ബോട്ടുകള്‍ ഒന്നും വരില്ലെന്ന നിലപാടില്‍ സ്റ്റേഷന് മാസ്റ്റര്‍ ഉറച്ചുനിന്നതോടെ പ്രവര്‍ത്തകര്‍ രോഷാകുലരായി. ഇതിനിടയില്‍ ജീവനക്കാര്‍ക്കെതിരെ സ്റ്റേഷന് മാസ്റ്റര്‍ പരാമര്‍ശം നടത്തിയത് വിവാദമായി. യാത്രക്കാര്‍ ജലഗതാഗതവകുപ്പ് ഡയറക്ടറെ ഫോണില്‍ വിളിയ്ക്കുകയും കാര്യങ്ങള്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് പുതിയ ബോട്ട് എത്തിക്കാമെന്ന ഉറപ്പു നല്‍കിയതിനു ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: