നറ്റാല്‍: ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഘാനയോടേറ്റ തോല്‍വിക്ക് ഒടുവില്‍ അമേരിക്ക കണക്കുതീര്‍ത്തു. ബ്രസീല്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അമേരിക്ക വീഴ്‌ത്തിയത്. മത്സരം തുടങ്ങി 29-ാം സെക്കന്റില്‍ തന്നെ അമേരിക്ക സ്‌കോര്‍ ചെയ്തു. നായകന്‍ ക്ലിന്റ് ഡെംപ്‌സെയാണ് യുഎസിന് വേണ്ടി ഗോള്‍ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ അഞ്ചാമത്തെ വേഗം കൂടിയ ഗോളാണ് ഡെംപ്‌സെ സ്വന്തം പേരില്‍ കുറിച്ചത്.
ആദ്യ പാദം അവസാനിച്ചപ്പോള്‍ യുഎസ്എ 1-0 ത്തിന് മുന്നിലായിരുന്നു. രണ്ടാം പാദത്തിന്റെ അവസാനം 82-ാം മിനിറ്റില്‍ ആന്‍ഡ്രെ അയേവു ഘാനയ്‌ക്കു വേണ്ടി ഗോള്‍ മടക്കി മത്സരം സമനിലയിലാക്കിയെങ്കിലും 86-ാം മിനിറ്റില്‍ ജോണ്‍ ബ്രോക്ക്‌സിന്റെ ഹെഡര്‍ വഴി യുഎസ്എ മുന്നിലെത്തുകയായിരുന്നു. ലോകകപ്പില്‍ ഇതാദ്യമായാണ് ഘാനയ്‌ക്കെതിരെ യുഎസ്എ വിജയം നേടുന്നത്.
















