ഫോര്‍ട്ടാലെസ: കാനറികളുടെ ആറാം ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം പകരാനായി ബ്രസീലില്‍ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. കരുത്തരായ മെക്സിക്കോയാണ് പുലര്‍ച്ചെ 12.30ന് നടക്കുന്ന പോരാട്ടത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇരു ടീമുകളും ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നത്തെ രണ്ടാം പോരിനിറങ്ങുന്നത്. രണ്ടാം മത്സരത്തിലും വിജയിച്ച് നോക്കൗട്ട് ഉറപ്പിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.
ബ്രസീല്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മെക്സിക്കോ ആഫ്രിക്കന്‍ ശക്തികളായ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിനുമായിരുന്നു കീഴടക്കിയിരുന്നത്. ആദ്യ മത്സരത്തില്‍ സൂപ്പര്‍താരം നെയ്മറിന്റെയും പ്ലേമേക്കര്‍ ഓസ്കറിന്റെയും മികച്ച പ്രകടനമാണ് കാനറികള്‍ക്ക് വിജയം സമ്മാനിച്ചത്. ഇവര്‍ രണ്ടു പേരും മാത്രമാണ് ബ്രസീലിയന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തതും.
തുടര്‍ച്ചയായ പത്ത് വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് കാനറികള്‍ ആദ്യ പോരിനിറങ്ങുന്നത്. ക്രൊയേഷ്യക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങളോടെയാവും ബ്രസീല്‍ ഇന്ന് ഇറങ്ങുക. ആ മത്സരത്തില്‍ തീര്‍ത്തും പരാജയമായിരുന്ന സ്ട്രൈക്കര്‍ ഫ്രെഡും മധ്യനിരതാരം ഹള്‍ക്കും ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യതയില്ല. ഹള്‍ക്കിനു പകരം റാമിറസും ഫ്രെഡിനു പകരം ജോയും ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും. 4-3-2-1 എന്ന ഫോര്‍മേഷനിലാണ് ബ്രസീല്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയത്. ഇന്നും ഇതേ രീതിയില്‍ തന്നെയായിരിക്കും ബ്രസീല്‍ കളത്തിലിറങ്ങുക.
ഗോള്‍വലക്ക് മുന്നില്‍ ജൂലിയോ സെസാറും പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഡാനി ആല്‍വസും മാഴ്സെലോയും ഡേവിഡ് ലൂയിസും ഇറങ്ങുമ്പോള്‍ മെക്സിക്കോ മുന്നേറ്റ നിരക്ക് ഏറെ വിയര്‍ക്കേണ്ടിവരും. ഓസ്കറും പൗളീഞ്ഞോയും ലൂയിസ് ഗുസ്താവോയും ഉള്‍പ്പെട്ട മധ്യനിര കളിനിയന്ത്രിച്ചാല്‍ നെയ്മര്‍ അടങ്ങുന്ന സ്ട്രൈക്കര്‍മാര്‍ക്ക് എതിര്‍ വലയിലേക്ക് പന്തടിച്ചുകയറ്റാന്‍ ഏറെ വിഷമിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.
കരുത്തരായ കാമറൂണിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മെക്സിക്കോ ഇന്ന് ഇറങ്ങുന്നത്. കാമറൂണിനെ കീഴടക്കിയ അതേ ടീമിനെ തന്നെയായിരിക്കും മെക്സിക്കോ ഇന്ന് കളത്തിലിറക്കുക. ഒത്തൊരുമയുള്ള പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് മെക്സിക്കോയുടെ കരുത്ത്. എതിര്‍ മുന്നേറ്റങ്ങളെ മധ്യനിരയില്‍ വച്ചുതന്നെ തടയാനുള്ള കഴിവ് മെക്സിക്കോക്ക് ഗുണം ചെയ്യും. ആദ്യമത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജാവിയര്‍ ഹെര്‍ണാണ്ടസ് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയില്ല.
ജിയോവാനി ഡോസ് സാന്റോസിനും ഒറിബേ പെറാല്‍ട്ടക്കുമായിരിക്കും ഇന്നും ഗോളടിക്കാനുള്ള ചുമതല. ഗോള്‍പോസ്റ്റിന് മുന്നില്‍ ഗ്വില്ലര്‍മോ ഒക്കോവായായിരിക്കും ഇറങ്ങുക. പ്രതിരോധനിരയില്‍ തുടര്‍ച്ചയായ നാലാം ലോകകപ്പിലും ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസ്, ഫ്രാന്‍സിസ്കോ റോഡ്രിഗസ്, ഹെക്ടര്‍ മോറേനോ, മിഗ്വേല്‍ ലയൂണും മധ്യനിരയില്‍ ഹെക്ടര്‍ ഹെരേര, ഹോസെ യുവാന്‍ വാസ്ക്വേസ, മാര്‍ക്കോ ഫാബിയാന്‍, ജാവിയര്‍ അക്വിനോ തുടങ്ങിയവരും കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച പ്രകടനം നടത്തുകയും സ്ട്രൈക്കര്‍മാര്‍ക്ക് യഥേഷ്ടം പന്തെത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്താല്‍ മെക്സിക്കോ ബ്രസീലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്.
കണക്കുകളിലെ കളികളിലും ബ്രസീലിന് തന്നെയാണ് മുന്‍തൂക്കം. ഇരുടീമുകളും 38 തവണ ഏറ്റുമുട്ടിയപ്പോള്‍ 22 തവണയും ജയം കാനറികള്‍ക്കൊപ്പം നിന്നു. മെക്സിക്കോക്ക് 10 മത്സരങ്ങളിലാണ് ജയിക്കാന്‍ കഴിഞ്ഞത്. ഏറ്റവും അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ വെച്ച് കോണ്‍ഫെഡറേഷന്‍ കാപ്പിലായിരുന്നു. അന്ന് നെയ്മറുടെയും ജോയുടെയും ഗോളുകള്‍ക്ക് ബ്രസീല്‍ 2-0ന് വിജയിച്ചു. അതേസമയം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ ലോകകപ്പില്‍ കളിച്ച 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് മെക്സിക്കോക്ക് ജയിക്കാന്‍ കഴിഞ്ഞത്. എട്ടെണ്ണത്തില്‍ പരാജയപ്പെട്ടു. എന്നാല്‍ ബ്രസീല്‍ 1970ലെ ലോകകപ്പിനുശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച 34 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. 27 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിച്ചു. മാത്രമല്ല സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 38 മത്സരങ്ങളുടെ അപരാജിത റെക്കോര്‍ഡുമായാണ് ബ്രസീല്‍ ഇറങ്ങുന്നത്. 2002-ല്‍ പരാഗ്വെക്കതിരായ സൗഹൃദ മത്സരത്തിലാണ് കാനറികള്‍ സ്വന്തം മണ്ണില്‍ മുട്ടുകുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: