കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തെ മണ്ണിട്ട് മൂടിയ തോടും ചാലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ്. കരിമാരംതോടും ആറന്മുള ചാലും 30 ദിവസത്തിനകം പൂര്‍വ്വ സ്ഥിതിയിലാക്കാനാണ് ജഡ്ജി എ.എന്‍.ഷെഫീക്കിന്റെ ഉത്തരവ്. 6.34 ഏക്കറില്‍ നിന്നും നികത്തിയ മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ തോടും ചാലും പൂര്വ്വാവസ്ഥയിലെത്തിക്കാനാവൂ.
നിര്‍ദ്ദിഷ്ട റണ്‍വേയുടെ മദ്ധ്യഭാഗത്തുകൂടിയാണ് ഈ ജലസ്രോതസ്സുകള്‍ ഒഴുകിയിരുന്നത്. പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്ക് പിന്നാലെയെത്തിയ ഹൈക്കോടതി ഉത്തരവ് കെജിഎസ് ഗ്രൂപ്പിന് കനത്ത ആഘാതമായി. കരിമാരംതോടും ആറന്മുള ചാലും പുറമ്പോക്കുതോടായി മുമ്പുതന്നെ കണ്ടെത്തിയിരുന്നു. ഇവിടെ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍വക ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. 2012 ജുലൈ 13 ന് ഇത് സംബന്ധിച്ച കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. ഇതിന്‍പ്രകാരം ലാന്റ് റവന്യൂ കമ്മിഷണര്‍ പുറമ്പോക്ക് തോട് പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് 2012 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ക്കും അയച്ചു. തോടു പുനസ്ഥാപിച്ച ശേഷം ആക്ഷന്‍ ടേക്കണ്റിപ്പോര്ട്ട് സമര്‍പ്പിക്കണമെന്നും ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം നടപ്പായില്ല. തുടര്‍ന്ന് ആറന്മുള തേക്കേക്കൂറ്റ് മോഹന്‍കുമാര്‍, ചൈതന്യയില്‍ പി.പി.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ വാദി ഭാഗത്തിന് വേണ്ടി അഡ്വ.രഞ്ജിത്ത് തമ്പാന് ഹാജരായി. വിമാനത്താവള നിര്‍മ്മാണ കമ്പനിക്കെതിരായ ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആറന്മുളയില് ജനങ്ങള്‍ പടുകൂറ്റന്‍ ആഹ്ലാദ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: