പോര്‍ട്ട് അലെഗ്രെ: സൂപ്പര്‍താരം ഫ്രാങ്ക് റിബറിയുടെ അഭാവത്തിലും ഫ്രഞ്ച് പട ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആധികാരിക വിജയം സ്വന്തമാക്കി. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെയാണ് അവര്‍ കീഴടക്കിയത്. പെനാല്റ്റിയുള്പ്പെടെ രണ്ട് ഗോളുകള്‍ നേടിയ മറ്റൊരു സൂപ്പര്‍താരമായ ഫ്രാങ്ക് റിബറിയാണ് ഫ്രഞ്ച് പടക്ക് ഗ്രൂപ്പ് ഇയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം സമ്മാനിച്ചത്.
മൂന്നാമത്തെ ഗോളിന്റെ ശില്പിയും ബെന്സേമയാണെങ്കിലും അത് ഗോളി വാല്ഡെരസിന്റെ സെല്‍ഫ് ഗോളാണെന്ന് റഫറി വിധിച്ചു. മത്സരത്തിലെ രണ്ടാം ഗോളായിരുന്നു ഗോള്‍ലൈന്‍ ടെക്നോളജിയുടെ സഹായത്തോടെ ഗോളാണെന്ന് വിധിച്ചത്. കബായെ നല്കിയ കൃത്യതയാര്‍ന്ന ഒരു നെടുനീളന്‍ ക്രോസ് പിടിച്ചെടുത്ത് ഇടതുവശത്ത് നിന്ന് ബെന്‍സെമ തൊടുത്ത വോളി വലത്തെ പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് കൈയിലൊതുക്കാനുള്ള ഗോളി വാള്ഡരെസിന്റെ ശ്രമത്തിനിടെ കൈയില്‍ തട്ടി പന്ത് ഗോള്‍ ലൈന്‍ കടന്നു. ഗോളി വീണ്ടും പന്ത് കൈവശപ്പെടുത്തിയെങ്കിലും ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയില്‍ അത് ഗോളെന്ന് തെളിഞ്ഞു. ഇതോടെ അര്‍ഹതപ്പെട്ട ഹാട്രിക്ക് ബെന്‍സേമക്ക് നഷ്ടമാവുകയും ചെയ്തു. ഈ ലോകകപ്പിലാണ് ഗോള്‍ ലൈന്‍ ടെക്നോളജി ആദ്യമായി ഉപയോഗിച്ചത്. 1998നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങുന്നത്.
മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ഹോണ്ടുറാസിന്റെ വില്‍ഫ്രഡ് പലാസിയോസ് രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് അവര്‍ പിന്നീട് കളിച്ചത്. അംഗബലം കുറഞ്ഞതോടെ ഫ്രഞ്ച് താരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഹോണ്ടുറാസ് പലപ്പോഴും കാടന്‍ കളിയാണ് പുറത്തെടുത്തത്. ഹോണ്ടുറാസിന്റെ കാടന്കളിക്കെതിരെ ചിലപ്പോള്‍ ഫ്രാന്‍സും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ പോരാട്ടം പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. മത്സരത്തില്‍ ഇരുടീമുകള്ക്കുമെതിരെയായി ആറ് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡുമാണ് റഫറി പുറത്തെടുത്തത്.
മത്സരത്തിന്റെ 45-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ബെന്‍സെമയുടെ ആദ്യ ഗോള്‍. ബോക്സില്‍ പോഗ്ബയെ വില്‍സണ്‍ പലാസിയോസ് തള്ളിയിട്ടതിന് ലഭിച്ച പെനല്‍റ്റിയിലൂടെയാണ് ബെന്‍സേമ ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ഫ്രാന്‍സ് രണ്ടാം ഗോളും നേടി.
രണ്ട് ഗോളുകള്‍ക്ക് മുന്നിലായതോടെ ഫ്രാന്‍സിന്റെ വീര്യവും ഇരട്ടിച്ചു. 55-ാം മിനിറ്റില്‍ ബെന്‍സേമയുടെ മറ്റൊരു ഷോട്ട് ഹോണ്ടുറാസ് ഗോളി വാല്ഡെരസ് കഷ്ടിച്ചാണ് പിടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ഒന്നാന്തരമൊരു നീക്കത്തിനൊടുവില്‍ വാല്‍ബ്യൂന ഒരു ഷോട്ട് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ നെറ്റൊഴിഞ്ഞുപോവുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ഡെബ്യൂചിക്കും കിട്ടി ഒരവസരം. മറ്റിയൂഡിയും മവൂബയും ഇതിനിടെ ഹോണ്ടുറാസ് ഗോള്‍മുഖത്തെ സമ്മര്‍ദത്തിലാക്കി. രണ്ടു തവണയാണ് ഫ്രഞ്ച് താരങ്ങളുടെ ഷോട്ടുകള്‍ ക്രോസ് ബാറില്‍ ഇടിച്ചു മടങ്ങിയത്.
പിന്നീട് 72-ാം മിനിറ്റില്‍ ബെന്‍സേമ തന്റെ രണ്ടാം ഗോളും ഫ്രാന്‍സിന്റെ മൂന്നാം ഗോളും നേടി. എവ്റയില് നിന്ന് കിട്ടിയ പന്ത് വിഷമകരമായ ഒരു ആംഗിളില്‍ നിന്നാണ് ബെന്‍സെമ ഗോളിലേയ്ക്ക് തൊടുത്തത്. വലതുപോസ്റ്റിന് പുറത്ത് നിന്ന് നാല് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പറത്തിയ ബുള്ളറ്റ് ഷോട്ട് ഇടതുപോസ്റ്റിന്റെ മൂലയില്‍ പതിച്ചു.
മധ്യനിരയും മുന്നേറ്റനിരയും പ്രകടിപ്പിച്ച മികച്ച ഒത്തൊരുമയാണ് ഫ്രാന്‍സ് വിജയത്തിന്റ മുഖ്യകാരണം. മികച്ച ഒത്തിണക്കം പ്രകടിപ്പിച്ച കബായെ, വല്‍ബ്യൂന, മറ്റിയൂഡി, പോഗ്ബ എന്നിവരും ആക്രമണത്തിന്റെ അറ്റത്ത് ബെന്‍സെമയുമായി ഫ്രാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഹോണ്ടുറാസിനെ മുക്കിക്കളഞ്ഞു. പ്രതിരോധത്തിന്റെ വിദ്യ മാത്രം വശമുണ്ടായിരുന്ന ഹോണ്ടുറാസിനെ നിരന്തരം ആക്രമിക്കുക എന്നതായിരുന്നു ഫ്രഞ്ച് തന്ത്രം. ഇതില്‍ എണ്ണയിട്ട യന്ത്രം പോലെ കളിച്ച അവരുടെ മധ്യനിരയും മുന്നേറ്റക്കാരും ഒരുപോലെ വിജയിച്ചു. ഹോണ്ടുറാസ് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ മടിച്ചതും ഫ്രഞ്ച് പടക്ക് ഗുണകരമായിഭവിച്ചു. വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് പോയിന്റുള്ള സ്വിറ്റ്സര്‍ലന്റാണ് രണ്ടാമത്.
















