മട്ടാഞ്ചേരി: കൊച്ചിന് കോര്‍പ്പറേഷനിലെ മട്ടാഞ്ചേരി ഏരിയ സ്ഥിരം സമിതി ചെയര്മാന്മാര്ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം. ഹെല്‍ത്ത് നഗരാസൂത്രണ സമിതിക്കെതിരെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളടക്കമുള്ളവര്‍ അഴിമതി-സ്വജനപക്ഷപാതമടക്കമുള്ള ആരോപണങ്ങളുമായി വിമര്‍ശനങ്ങളുയര്‍ത്തിയത്.
കൊച്ചി മണ്ഡലം മേഖലയിലെ ഏഴോളം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തിലാണ് മരാമത്ത് ജോലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപകമായ അഴിമതിയുണ്ടായതായി വന്‍ ആരോപണമുയര്‍ന്നത്. ഘടകകക്ഷികളുടെ നേതൃത്വത്തിലാണ് കോര്‍പ്പറേഷനിലെ ഹെല്‍ത്ത്, നഗരാസൂത്രണ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. കോര്പ്പറേഷന് ഭരണം ഇവരുടെ നിയന്ത്രണത്തിലാണെന്നും വന്‍ അഴിമതിയാണ് നഗരസഭാ ഭരണത്തില്‍ നടക്കുന്നതെന്നും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ തുറന്നടിച്ചതായാണ് വിവരം.
വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് കൊച്ചിന് കോര്പ്പറേഷന് ലഭ്യമായതിന്റെ നേട്ടങ്ങള്‍ ഘടകകക്ഷികള്‍ക്കാണ് ഗുണമാകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസ് കോര്പ്പറേഷന് ഭരണത്തിലെ ഘടകകക്ഷി സ്വാധീനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട നിര്‍മ്മാണം, മരാമത്ത്, മാലിന്യനിര്‍മ്മാര്‍ജനം, നികുതി, ആസൂത്രണസമിതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഘടകകക്ഷി സ്ഥിരം സമിതി ചെയര്മാന്മാര്ക്കെതിരെ വന്‍ ആക്ഷേപങ്ങളാണ് കോണ്‍ഗ്രസ് പരസ്യമായി ഉന്നയിച്ചുതുടങ്ങിയിരിക്കുന്നത്.
നഗരസഭാ ഭരണത്തിന് തടസമാകുമെന്നതിനാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പരിഹരിക്കുന്നതിന് മേയര്‍ ബ്ലോക്ക് നേതാക്കളും കൗണ്‍സിലര്‍മാരും ജിസിഡിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതി-സ്വജനപക്ഷപാത ആരോപണങ്ങളുമായി കോണ്‍ഗ്രസ് തന്നെ ആക്ഷേപങ്ങളുയര്ത്തുന്നത് പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ പ്രചരണമാക്കുവാനും ലക്ഷ്യമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: