പോര്‍ട്ട് അലെഗ്രെ: മുന്‍ ചാമ്പ്യന്മാരായ ഫ്രഞ്ച് പടക്ക് ഇന്ന് ആദ്യ പോരാട്ടം. കോണ്‍കാകാഫ് മേഖലയില്‍ നിന്ന് യോഗ്യത നേടിയെത്തിയ ഹോണ്ടുറാസാണ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പോരാട്ടം. ഫിഫ റാങ്കിംഗില്‍ ഫ്രാന്‍സ് 17-ാമതും ഹോണ്ടുറാസ് 33-ാം സ്ഥാനത്തുമാണ്.
14-ാം തവണയാണ് ഫ്രാന്‍സ് ലോകകപ്പിനെത്തുന്നത്. 1998-ല്‍ സിദാന്‍ മാജിക്കില്‍ അവര്‍ ലോക ജേതാക്കളും 2006-ല്‍ റണ്ണറപ്പുമായി. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ഒരു മത്സരം പോലും ജയിക്കാതെ പുറത്താവുകയും ചെയ്തു. മൂന്നാം തവണയാണ് ഹോണ്ടുറാസ് ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ തവണയും ലോകകപ്പില്‍ കളിച്ചെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
സിദാന്‍ യുഗത്തിനുശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഫ്രാന്‍സിന് ഇത്തവണ തിരിച്ചടിയായത് സൂപ്പര്‍താരത്തിന്റെ അഭാവം. ഫ്രാങ്ക് റിബറി പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ നഷ്ടം എങ്ങിനെ പരിഹരിക്കുമെന്നറിയാതെ വിഷമിക്കുകയാണ് പരിശീലകന്‍ ദിദിയര്‍ ദെഷാമ്പ്സ്. റിബറി പരിക്കേറ്റാണ് പുറത്തുപോയതെങ്കില്‍ മറ്റൊരു സൂപ്പര്‍താരമായ സമിര്‍ നസൃയെ ടീമിലെടുക്കാന്‍ പോലും കോച്ച് കൂട്ടാക്കിയില്ല. ഇരുവരുടെയും അഭാവം ഫ്രഞ്ച് പടക്ക് കനത്ത തിരിച്ചടിതന്നെയാകുമെന്ന് ഉറപ്പാണ്.
മധ്യനിരയില്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് റിബറിയുടെ അസാന്നിധ്യം തിരിച്ചടിയാകുമെങ്കിലും മുന്നേറ്റനിര ശക്തമാണ്. കരീം ബെന്‍സേമയും ഒളിവര്‍ ജിറൗഡുമായിരിക്കും സ്ട്രൈക്കര്‍മാരായി ആദ്യ ഇലവനില്‍ ഇറങ്ങുക. മധ്യനിരയില്‍ പോള്‍ പോഗ്ബ, ആന്റണി ഗ്രിസ്മാന്‍, ബ്ലെയ്സ് മാറ്റ്യൂഡി, യോഹാന്‍ കബായെ എന്നിവര്‍ക്കായിരിന്നും ആദ്യ ഇലവനില്‍ സ്ഥാനം. പാട്രിക് എവ്‌റ നയിക്കുന്ന പ്രതിരോധനിരയും മികച്ചതാണ്. എവ്‌റക്കൊപ്പം ബക്കാരി സാഗ്ന, റാഫേല്‍ വരാനെ, മമദൗ സാഖോ തുടങ്ങിയവരും മികച്ച താരങ്ങളാണ്. ഗോള്‍പോസ്റ്റിന് മുന്നില്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഇറങ്ങും.
അതേസമയം ഒരു സൂപ്പര്‍താരങ്ങളുടെയും അകമ്പടിയില്ലാതെയാണ് ഹോണ്ടുറാസിന്റെ വരവ്. സ്റ്റോക്ക് സിറ്റിയുടെ വില്‍സണ്‍ പലാസിയോസാണ് പ്രശസ്തനായ താരം. 122 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഗോള്‍കീപ്പര്‍ നോയല്‍ വല്ലാഡെറസാണ് ഹോണ്ടുറാസ് ക്യാപ്റ്റന്‍. കാര്‍ലോ കോസ്റ്റലി, റോണി മാര്‍ട്ടിനസ് എന്നിവരാണ് പ്രധാന സ്ട്രൈക്കര്‍മാര്‍.
















