കാക്കനാട്: കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും കൈവശമുള്ള വൈദ്യുതനിലയങ്ങള്‍ കെഎസ്ഇബി കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങി നഷ്ടമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് താത്പര്യം.
1997 ല്‍ 450 കോടി രൂപ മുടക്കി സ്ഥാപിച്ച ബ്രഹ്മപുരം നിലയത്തിന് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയും. കായംകുളം താപവൈദ്യുത നിലയത്തില്‍ പ്രവര്‍ത്തനക്ഷമമായ ജനറേറ്റുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഭാഗികമാക്കി, ചെലവു കുറഞ്ഞ പ്രകൃതി വാതകം ഉപയോഗപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചിട്ട് നാളേറെയായി. ഇതിന്റെ പേരില്‍ നാലുമാസമായി 100 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഇവിടുത്തെ വൈദ്യുതോല്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ് .
20 മെഗാവാട്ട് ശേഷിയുള്ള അഞ്ചു ജനറേറ്റുകളില്‍, മൂന്നെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. ഇവ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന് ബോര്‍ഡ് തയ്യാറായിട്ടില്ല. പകരം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്.
ഇപ്പോള്‍ ഡീസലിന് പകരം ക്രൂഡ് പെട്രോളിയത്തില്‍ നിന്നുള്ള ഉല്പന്നമായ ലോ സള്‍ഫര്‍ ഹെവി സ്റ്റൊക് (എല്‍എസ്എച്ച്എസ് ) ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതുകൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് 13 രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളു. എന്നാല്‍ ഇത് കൂടുതലാണെന്ന് പറഞ്ഞാണ് ബോര്‍ഡ് യൂണിറ്റിന് 14 രൂപ നിരക്കില്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നത്.
കൂടംകുളം, താല്‍ചര്‍ നിലയങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം വൈദ്യുതി ലഭ്യമാകാതെ വന്നപ്പോള്‍ കേരളം ഇരുട്ടിലേക്ക് കൂപ്പുകുത്തി. എന്നാല്‍ കളമശ്ശേരിയിലെ ലോഡ് ഡസ്പാച് സെന്ററിലെ ഉദ്യോഗസ്ഥരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി ഹരിയാനയില്‍നിന്ന് എന്‍ടിപിസിയുടെ താപവൈദ്യുതി എത്തിക്കുകയായിരുന്നു.
ബ്രഹ്മപുരം നിലയത്തില്‍ പത്തു ദിവസത്തെ ഉത്പാദനത്തിനുള്ള ഇന്ധനമുണ്ട്. എന്നാല്‍ ഇക്കാര്യം ബോര്‍ഡ് മറച്ച് വെച്ചിരിക്കുകയാണ്. കേന്ദ്രപൂളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും സംസ്ഥാനത്തെ ഉല്പാദനവും അയല്‍സംസ്ഥാനങ്ങളില്‍നിന്നും വാങ്ങുന്നതും ഉള്‍പ്പെടെ 3000 മെഗാവാട്ടില്‍ താഴെ വൈദ്യുതിയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.
സൗഭാഗ്യം പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: