കൊച്ചി: സ്റ്റോക്ക് ഇല്ലാത്തതിന്റെ പേരില്‍ ഒരാഴ്ചയായി തുടരുന്ന പെട്രോള്‍ ക്ഷാമം വീണ്ടും രൂക്ഷം. നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മിക്ക പമ്പുകള്‍ക്കും ഇന്നലെ വൈകിട്ടോടെ പെട്രോള്‍ കിട്ടിത്തുടങ്ങി. എന്നാല്‍ ഐഒസിയുടെ പ്രശ്നം താത്കാലികമായി പരിഹരിച്ചതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ (എച്ച്പിസിഎല്‍) മിക്ക പമ്പുകളും സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഇന്നലെ മുതല്‍ പൂട്ടിത്തുടങ്ങി. രണ്ടു ദിവസമായി ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സ്റ്റോക്ക് നല്‍കാത്തതും ഐഒസി പമ്പുകളില്‍ പെട്രോള്‍ ലഭ്യമാകാതെ വന്നതിനെ തുടര്‍ന്ന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതുമാണ് പെട്രോള്‍ ക്ഷാമം രൂക്ഷമാക്കിയത്. കേരളത്തില്‍ വിറ്റഴിക്കുന്ന 76000 മെട്രിക് ടണ്‍ പെട്രോളിന്റെ 50 ശതമാനവും ഐഒസിയാണ് വിതരണം ചെയ്യുന്നത്.
മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള പമ്പുകളെയാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായി ബാധിക്കുന്നത്. കൊച്ചിന് റിഫൈനറിയില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു മാത്രമാണ് ഇപ്പോള്‍ പെട്രോള്‍ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം 1100 കിലോലിറ്ററോളം പെട്രോള്‍ റിഫൈനറിയില്‍ നിന്നും ഐഒസിയില്‍ എത്തിച്ചിരുന്നു. 250ഓളം ടാങ്കര്‍ ലോറികള്‍ക്ക് 4000 ലിറ്റര്‍ വീതം നല്കി. ഇന്നലെ ലോഡ് നിറയ്ക്കാന്‍ എത്തിയ എല്ലാ ടാങ്കറുകള്‍ക്കും വൈകിട്ടുവരെ 4000 ലിറ്റര്‍ പെട്രോള്‍ നല്‍കുന്നതിനുള്ള ബില്‍ അടിച്ച് ഫില്ലിങ്ങിനായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഡീലര്‍മാര്‍ പറയുന്നു. എറണാകുളം ജെട്ടിയില്‍ നിന്ന് ഇരുമ്പനം പ്ലാന്റ് വരെയുള്ള പൈപ്പ് ലൈനില്‍ നാലായിരം കിലോലിറ്റര്‍ ഇന്ധനമുണ്ട്. ഇതു പ്ലാന്റിലേക്കു പമ്പ് ചെയ്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
പെട്രോള്‍ സ്റ്റോക്കില്ലാതെ വരുമ്പോള്‍ കപ്പലില്‍ ഇന്ധനം എത്തിച്ചു വിതരണം നടത്തുകയാണ് ഐഒസി ചെയ്തിരുന്നത്. ഇത്തവണ ഇന്ധനവുമായി പുറപ്പെട്ട 20 നു മാത്രമേ എത്തൂ. കടുത്ത പ്രതിസന്ധിക്കിടയിലും പ്രതിമാസ വിതരണക്രമം അനുസരിച്ചുള്ള പെട്രോള്‍ കമ്പനികള്‍ക്കു നല്‍കുന്നുണ്ടെന്നാണ് കൊച്ചിന് റിഫൈനറി അധികൃതരുടെ നിലപാട്. എണ്ണായിരം മുതല്‍ പതിനായിരം ലിറ്റര്‍ വരെ പെട്രോള്‍ ആവശ്യപ്പെടുന്ന പല ഐഒസി പമ്പുകള്‍ക്കും 4000 ലിറ്റര്‍ മാത്രമാണ് നല്‍കുന്നത്.
ചില പ്രദേശങ്ങളില്‍ ഐഒസിയുടെയോ എച്ച്പിസിഎല്ലിന്റെയോ മാത്രം പെട്രോള്‍ പമ്പുകളേ നിലവിലുള്ളു. അത്തരം പ്രദേശങ്ങളിലാണ് പെട്രോള്‍ ക്ഷാമം കൂടുതല്‍.കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളുടെ ഉള്പ്രദേശങ്ങളിലാണു കടുത്ത പ്രതിസന്ധി. ഐഒസിയുടെ രണ്ടു റിഫൈനറികള്‍ അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുന്നതും തിരുച്ചിറപ്പള്ളി പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതുമാണ് പ്രതിസന്ധിക്കു കാരണം. ആസൂത്രണത്തിലെ അപാകതകളും, പെട്രോളിയം കമ്പനികള്‍ തമ്മിലുള്ള അനാവശ്യ കിടമത്സരവും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: