കൊച്ചി: പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിയിരുന്ന കുടിവെള്ള വിതരണം ഇന്നലെ ഉച്ചയോടെ പുന:സ്ഥാപിച്ചു. എല്ലാ സ്ഥലങ്ങളിലും ശുദ്ധജലവിതരണം സാധാരണ നിലയിലാകാന്‍ ഇനിയും രണ്ടുദിവസം കൂടിയെടുക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ സൂചിപ്പിച്ചു. മെട്രോ നിര്‍മ്മാണത്തിനിടെ തിങ്കളാഴ്ച വൈകിട്ട് 5മണിയോടെ കലൂരില്‍ റിസര്‍വ്വ്ബാങ്കിന്റെ മുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിനിടയില്‍ ഇന്നലെ റോഡ് ഇടിഞ്ഞതും നിര്‍മ്മാണത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു.
മെട്രോ നിര്‍മ്മാണത്തിനിടെ ഇതു രണ്ടാം തവണയാണ് കുടിവെള്ള പൈപ്പ് പൊട്ടുന്നത്. എന്നാല്‍ മെട്രോ നിര്‍മ്മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടുന്നത് ഇനിയും തുടരാനാണ് സാധ്യതയെന്ന് ഡിഎംആര്‍സി സൂചിപ്പിച്ചു. 2009-10 ഓടെ മെട്രോയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി അലൈന്മെന്റും സര്‍വ്വെയും എടുത്തിരുന്നു. ആ കാലയളവില്‍ തന്നെ ബിഎസ്എന്എലിനോടും, കേരള വാട്ടര്‍ അതോറിറ്റിയോടും ലൈനുകള്‍ കടന്നു പോകുന്നതിന്റെ സ്കെച്ചുകള്‍ ഡിഎംആര്‍സി ആവശ്വപ്പെട്ടിരുന്നു എങ്കിലും ഇന്നുവരെ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നതിന്റെ സ്കെച്ചുകള്‍ നല്കാന് ജല അതോറിറ്റി തയ്യാറായിട്ടില്ല എന്നാണ് വിവരം.
പൈപ്പ് ലൈന്‍ ഇടീല് ഉള്‍പ്പെടെയുള്ള ജോലികള്‍ കാലങ്ങളായി മാറി വരുന്ന കോണ്‍ട്രാക്ടര്‍മാരാണ് ചെയ്തു പോരുന്നത് എന്നതിനാല്‍ ലൈനുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളെകുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ജല അതോറിറ്റിയുടെ പക്കല്‍ ലഭ്യമല്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടികാണിക്കുന്നത്. പൈപ്പ് ലൈനുകള്‍ കടന്നു പോകുന്ന ഭാഗം കണക്കുകൂട്ടി വ്യക്തമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയാണ് നിലവില്‍ പെയിലിങ് ജോലി ഉള്‍പ്പെടെയുള്ള മെട്രോ ജോലികള്‍ ചെയ്തു വരുന്നത്.
കൃത്യമായ സ്കെച്ചുകള്‍ ബിഎസ്എന്‍എലില്‍ നിന്നും ലഭ്യമായതിനാല്‍ ടെലഫോണ്‍ കണക്ഷനുകളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ പണി തുടരാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ നഗരത്തില്‍ മെട്രോ കടന്നു പോകുന്ന ഭാഗങ്ങളില്‍ എവിടെയെല്ലാം കുടിവെള്ള പൈപ്പുകള്‍ കടന്നു പോകുന്നു എന്നു വ്യക്തമല്ലാത്തതിനാല്‍ ഇനിയും ഇത്തരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്തതായാണ് ഇതിനു കാരണം എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനു തെളിവാണ് സൗത്ത് മേല്‍പ്പാലം മുതല്‍ ഇളംകുളം വരെയുള്ള ഭാഗത്തെ നിര്‍മ്മാണം വിജിലന്‍സ് ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വക്കേണ്ടി വന്നതും.
പൈപ്പ്ലൈനുകള് മാറ്റി സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ടെണ്ടറൊന്നും കൂടാതെ കേരള വൈട്ടര് അതോറിറ്റിയുടെ ഒരു പഴയ കോണ്‍ട്രാക്ടര്‍ക്ക് പഴയനിരക്കില്‍ കോണ്‍ട്രാക്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റൊരു കോണ്ട്രാക്ടര് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഇടപെട്ട് പണി നിര്‍ത്തി വെപ്പിച്ചത്. വ്യക്തമായ സ്കെച്ചുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ കരുതലോടെ പെയിലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ തുടരുകമാത്രമാണ് ഏകപോംവഴി എന്നും അധികാരികള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: