ന്യൂദല്‍ഹി: ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായി വിശാല്‍ ശിഖയെ നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് ഇപ്പോഴത്തെ സിഇഒ എസ്.ഡി. ഷിബുലാല്‍ സ്ഥാനം ഒഴിയുന്നതോടെ വിശാല്‍ പൂര്‍ണസമയ ഉത്തരവാദിത്തത്തിലേക്ക് വരുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു.
ഇന്‍ഫോസിസിന്റെ ചരിത്രത്തില്‍ കമ്പനിക്ക് പുറത്തുനിന്ന് സിഇഒ ആകുന്ന ആദ്യ വ്യക്തിയാണ് ശിഖ. അതേ സമയം 2013ല്‍ കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചുവന്ന സ്ഥാപക മേധാവി നാരായണമൂര്‍ത്തിയും ഇന്‍ഫോസിസിന്റെ പടിയിറങ്ങും. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജര്‍മന്‍ ആസ്ഥാനമായ സോഫ്റ്റ്വെയര് കമ്പനിയായ എസ്എപി യുടെ ചീഫ് ടെക്നോളജി ഓഫിസറും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമാണ് വിശാല്‍ ശിഖ.
എക്സിക്യുട്ടീവ് ചെയര്മാന് സ്ഥാനത്തു നിന്നാണ് നാരായണ മൂര്‍ത്തി കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നത്. 2013 ജൂണിലാണ് നാരായണ മൂര്‍ത്തി കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചെത്തിയത്. നാരായണ മൂര്‍ത്തിയുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്റായിരുന്ന മകന് രോഹനും കമ്പനിയില്‍ നിന്ന് പടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: