ന്യൂദല്‍ഹി: കരസേനാ മേധാവിയായി ദല്‍ബീര്‍ സിംഗ് സുഹാഗിനെ നിയമിച്ചത് അന്തിമമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ് തന്നെയാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും രാജ്യസഭയില്‍ കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. സുഹാഗിന്റെ നിയമനം വിവാദമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണ് ലഫ്.ജനറല്‍ സുഹാഗിനെ നിയുക്ത കരസേനാ മേധാവിയായി നിയമിച്ചത്. പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് നടത്തിയ നിയമനത്തെ ബിജെപി എതിര്‍ത്തെങ്കിലും സൈനിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്ത്താതിരിക്കുന്നതിനായി മോദി സര്‍ക്കാര്‍ സുഹാഗിനെത്തന്നെ മേധാവിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് മറച്ചു പിടിച്ചാണ് വിവാദമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം.
സുഹാഗിനെതിരെ മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ ജനറല്‍ വികെ സിംഗ് ട്വിറ്ററിലൂടെ നടത്തിയചില പരാമര്‍ശങ്ങളുടെ പേരിലാണ് സൈനികമേധാവിയുടെ നിയമനം വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയാണ് സുഹാഗ് എന്നായിരുന്നു പരാമര്‍ശം. ത്രീ കോര്‍ കമാന്‍ഡറായിരുന്ന സുഹാഗിന് സ്ഥാനക്കയറ്റം നല്‍കുന്നതിനെ മുമ്പ് കരസേനാ മേധാവിയായിരുന്നപ്പോള്‍ ജനറല്‍ വി.കെ. സിംഗ് എതിര്‍ത്തിരുന്നു. സുഹാഗിനെതിരായ വികെ സിംഗിെന്റ നീക്കം നിയമപരമല്ലെന്നാണ് അന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്യവേ സത്യവാങ്മൂലം നല്‍കിയത്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിവാദമുണ്ടാക്കാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ശ്രമിച്ചത്.
സുഹാഗിനെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസംമുന്പാണ് യുപിഎ സര്‍ക്കാര്‍ നിയുക്ത കരസേനാ മേധാവിയായി നിയമിച്ചത്.
ഇതിനെ അന്ന് ബിജെപി ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഫലം വന്ന ശേഷം നിയമനം പുതിയ സര്‍ക്കാരിന് വിടുകയാണ് മാന്യതയെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍ അതു കേള്‍ക്കാതെ യുപിഎ സര്‍ക്കാര്‍ സുഹാഗിനെ നിയമിക്കുകയായിരുന്നു. തിരക്കിട്ടുള്ള നിയമനം അന്തസില്ലാത്തതാണെങ്കിലും നിയമനം കഴിഞ്ഞ സ്ഥിതിക്ക് കരസേനാ മേധാവിയെ മാറ്റി മോശം പ്രവണത കാട്ടേണ്ടെന്നും അന്തസ് പാലിക്കാനും മോദി സര്‍ക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: