വിഷയം വിദ്യാഭ്യാസമായതിനാല്‍ പറയാനേറെക്കാര്യങ്ങള്. വിദ്യാഭ്യാസ കാര്യത്തില്‍ അത്ര പിടിയൊന്നുമില്ലാത്തവര് മൗനം ദീക്ഷിച്ചപ്പോള്‍ വിഷയത്തില്‍ അല്പം വിവരമുള്ളവര്‍ വാചാലരായി. സംസാരിച്ചവരിലേറെയും മുന്‍പ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായിരുന്നവരാണെന്നതും ചര്‍ച്ചയുടെ പ്രത്യേകതയായി. 2014ലെ സര്‍വ്വകലാശാലാ നിയമങ്ങള്‍ ഭേദഗതി ബില്ലും സര്‍വ്വകലാശാല നിയമങ്ങള്‍ മൂന്നാം ഭേദഗതി ബില്ലും സഭയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണിത്.
കക്ഷി രാഷ്ട്രീയത്തിന് അതീതമാകണം സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനമെന്നാണ് ആദ്യ ബില്ലിന്മേല് നിരാകരണ പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഡോ.കെ.ടി.ജലീലിന്റെ അഭിപ്രായം. നെഹ്രു മന്ത്രിസഭയിലെ ധനമന്ത്രി ജോണ്മത്തായിയെ കേരളാ സര്‍വ്വകലാശാലയുടെ വിസിയാക്കിയ ഇ.എം.എസിനെയും കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരിയെ കുസാറ്റിന്റെ ആദ്യ വിസിയാക്കിയ സി.എച്ച്.മുഹമ്മദ്കോയയെയും പ്രശംസിച്ച ജലീല്‍, കക്ഷി രാഷ്ട്രീയ-മത പരിഗണനകള്ക്കതീതമാകണം വൈസ്ചാന്സിലര് നിയമനമെന്നഭിപ്രായപ്പെട്ടു. വൈസ് ചാന്‍സിലര്‍ നിയമനത്തിന് അമേരിക്ക സ്വീകരിക്കുന്ന നടപടിക്രമങ്ങളോടായിരുന്നു ജലീലിനു താല്പര്യം. ഇവിടെ അപ്പം ചുട്ടെടുക്കുമ്പോലെ വിസിയെ നിശ്ചയിക്കുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ നടപടിക്രമങ്ങളിലൂടെയാണത്രെ അമേരിക്ക അത് ചെയ്യുന്നത്.
യോഗ്യത തിരുത്തിയതിന്റെ പേരില്‍ ഗവര്‍ണര്‍ പുറത്താക്കിയ എംജി യൂണി വീസിയുടെ പിതൃത്വത്തെ കുറിച്ചായി സംശയം. ചീഫ്വിപ് പി.സി.ജോര്‍ജ്ജ് ഇടയ്ക്കു കയറി അയാള്‍ ഞങ്ങളുടെ പാര്‍ട്ടിക്കാരനല്ലെന്ന് പറഞ്ഞത് കോഴിയെ കട്ടവന് തലയില്‍ പൂടതപ്പുന്നു എന്ന ചൊല്ലിനെ അന്വര്ത്ഥമാക്കുന്നതുപോലെയായി.
കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ്ചാന്സിലര് ഇരട്ട ശമ്പളം വാങ്ങുന്നതും അദ്ദേഹത്തിനെതിരെ ആറ് വിജിലന്‍സ് കേസുകളില്‍ അന്വേഷണം നടക്കുന്നതുമൊക്കെ ഉന്നയിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസം കയ്യാളുന്ന മുസ്ലീം ലീഗിനെതിരായ ആരോപണങ്ങള്‍ പ്രകടമായി.
അബ്ദുറബ്ബിന്റെ ഭരണത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ തൊഴുത്തായിമാറിയെന്ന് പറഞ്ഞ വി.എസ്.സുനില്‍കുമാര്‍ അതു സ്ഥാപിക്കാനുള്ള തെളിവുകളും നിരത്തി. തൊഴുത്തില്‍ കന്നുകാലികളെങ്കിലും കാണും. പക്ഷേ, സര്വ്വകലാശാലകളാകുന്ന തൊഴുത്തില്‍ അവയുമില്ല. ജാതിക്കും പാര്‍ട്ടിക്കുമായി സംവരണം ചെയ്തിരിക്കുന്ന തസ്തികയായി സര്‍വ്വകലാശാലകളിലെ വീസി തസ്തിക മാറി. ഉന്നത മൂല്യങ്ങളും നിലവാരവും പാലിക്കപ്പെടേണ്ട സര്‍വ്വകലാശാലകള്‍ തകരുമ്പോള്‍ ആട്ടുകല്ലിന് കാറ്റുപിടിച്ചപോലെയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളിലെ ഭൂരിപക്ഷം വൈസ്ചാന്‍സിലര്‍മാരെ കുറിച്ചും നിരവധി ആരോപണങ്ങള്‍ നിലവിലുണ്ട്. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളിലെ ഉന്നത സ്ഥാനങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
വി.എസ്.സുനില്‍കുമാര്‍ കത്തിക്കയറിയപ്പോള്‍ ഭരണപക്ഷത്തെ വിഷ്ണുനാഥിന് മറുപടി പറയാതിരിക്കാനായില്ല. സ്വാശ്രയ കോളേജ് ഉടമസ്ഥനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് വിഷ്ണു എടുത്തിട്ടു. താന്‍ ബെന്നറ്റിന്റെ ആളല്ലെന്ന് സുനില്‍. ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ സ്വാശ്രയ ബന്ധം പുറത്താക്കി തിരിച്ചടിക്കുകയായിരുന്നു പഴയ എസ്എഫ്ഐ നേതാവ് ടി.വി.രാജേഷ്.
എ.പ്രദീപ്കുമാര്‍ കേരളാ സര്‍വ്വകലാശാല വൈസ്ചാന്‍സിലറായിരുന്ന ജെ.വി.വിളനിലത്തെ പുകഴ്ത്തിയത് കൗതുകമായി. വിളനിലത്തിനെതിരെ സമരം ചെയ്തശേഷം പിന്നീട് അദ്ദേഹത്തെ ഒപ്പം കൂട്ടിയ സിപിഎമ്മിന്റെ നയം തുറന്നടിച്ചു ശിവദാസന്‍നായര്‍. വിളനിലത്തിനെതിരായ സമരം ദുരന്തമായിരുന്നെന്നായിരുന്നു ജി.സുധാകരന്റെ അഭിപ്രായം. ബിരുദങ്ങളെല്ലാമുണ്ടായിരുന്നിട്ടും അനാവശ്യമായ ഒരു ബിരുദമാണ് അദ്ദേഹത്തിന് വിനയായത്. അത് അദ്ദേഹം കാണിക്കേണ്ടിയിരുന്നില്ല. ആ ബിരുദം വെക്കേണ്ടിയിരുന്നില്ലെന്ന് എഴുതി തരാന്‍ അദ്ദേഹത്തോട് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. സുധാകരന് വിശദീകരിച്ചു.
സ്വതന്ത്ര ചിന്തകള്‍ പൂത്തുലയുന്ന മഹാപ്രതിഭകള്‍ക്ക് ജന്മം നല്കാവുന്ന ഒരന്തരീക്ഷം സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ഇന്നില്ലെന്ന സങ്കടമാണ് പ്രസംഗത്തിലുടനീളം എല്ലാവരും പങ്കുവച്ചത്. കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള രണ്ടാമത്തെ ബില്ലിലും സര്‍വ്വകലാശാലകളെ കുറിച്ചുള്ള വിഴുപ്പലക്കല്‍ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: