പെരുമ്പാവൂര്‍: മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനും പഠനനിലവാരം ഉയര്‍ത്തുന്നതിനുമായി അനുവദിച്ച ഫണ്ട് തിരിമറി നടത്തിയത് ഇനിയും തിരിച്ചടച്ചില്ല. എറണാകുളം അറയ്ക്കപ്പടിയിലെ മിസ്ബാഹുല്‍ മദ്രസ്സ അധികൃതരാണ് പണം തിരിച്ചടക്കാത്തത്.
കേന്ദ്രസര്‍ക്കാരിന്റെ എസ്പിക്യൂഇഎം പദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിച്ചിരുന്നത്. മദ്രസകള്‍ക്ക്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേനയാണ് തുക ലഭിച്ചിരുന്നത്. മിക്ക സ്ഥാപനങ്ങളും ഫണ്ട് വിനിയോഗത്തില്‍ വന്‍ തിരിമറിയാണ് നടത്തുന്നത്.
രണ്ട് ലക്ഷത്തി ഇരുപത്തിയാറായിരത്തിയഞ്ഞൂറ് രൂപയുടെ ക്രമക്കേടാണ് അറയ്ക്കപ്പടിയില്‍ മദ്രസ്സയില്‍ കണ്ടെത്തിയത്. 2013-14ലെ ആദ്യഗഡുവാണ് പണം കൈപ്പറ്റിയത്. 2013 സെപ്റ്റംബര്‍ 9-നാണ് അന്നത്തെ സെക്രട്ടറി വി.എം. അലി വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും പണം കൈപ്പറ്റിയത്. എന്നാല്‍ രേഖകള്‍ പ്രകാരം ഒരു ലക്ഷത്തി നാല്പത്തി നാലായിരം രൂപ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കിയതാണ് കാണിച്ചിരിക്കുന്നത്.
വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് മദ്രസ അധികൃതര്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷങ്ങള്‍ തിരിമറി നടത്തിയത്. 2013 ഒക്ടോബര്‍ 2നാണ് മദ്രസയില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. എന്നാല്‍ 2013 ഏപ്രില്‍ മുതല്‍ മൂന്ന് അദ്ധ്യാപകര്‍ ശമ്പളം വാങ്ങിയ കള്ള രേഖകളാണ് ഇവര്‍ അധികൃതര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.
അറയ്ക്കപ്പടി മിസ് ബാഹുല്‍ ഹുദ മദ്രസയിലെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ തിരിമറി ഇതേ ജുമാ അത് അംഗമായ മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥന് അലിയാരാണ് പുറത്ത് കൊണ്ടു വന്നത്.
ഇതിന് പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര ഫണ്ടില്‍ മദ്രസ്സ തിരിമറി നടത്തിയതായി കണ്ടെത്തുകയും ചെയ്തു. രണ്ടാമത് ഗഡു ലഭിക്കുന്നതിന് മിസ് ബാഹുല്‍ ഹു മദ്രസ യോഗ്യരല്ലെന്നും ആദ്യ ഗഡു തിരിച്ചടക്കണമെന്നുമായിരുന്നു ഉത്തരവ്. തിരുവനന്തപുരം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് കഴിഞ്ഞ മെയ് രണ്ടിനാണ് പണം തിരിച്ചടക്കാന്‍ ഉത്തരവ് ഇട്ടത്.
18ശതമാനം പിഴപ്പലിശ സഹിതമാണ് പണം തിരിച്ചടയ്ക്കേണ്ടത്.ഇതുവരെയും പണം അടച്ചിട്ടില്ല.
ഇല്ലാത്ത അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കിയെന്ന് കാണിക്കുന്നതിന്റെ അക്വിറ്റന്‍സ് രജിസ്റ്റര്‍ ചെയതത് മുന്‍ മദ്രസ്സ പ്രസിഡന്റിന്റെ സഹോദരനായ ഒരു കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: