റോം: ലോകകപ്പ് ഫുട്ബോള്‍ അരികിലെത്തിയെങ്കിലും എപ്പോഴും പന്തുകളിയെപ്പറ്റി ചിന്തിച്ചുനടക്കാന് എല്ലാവര്ക്കും പറ്റുമോ. സ്വന്തംകാര്യത്തിലൊക്കെ അല്‍പ്പം ശ്രദ്ധവേണ്ടേ. ഇറ്റാലിയന്‍ സ്ട്രൈക്കര്‍ മരിയോ ബെലോട്ടെല്ലിയെ കണ്ടുപഠിക്കൂ..
കടുത്ത വൈരികളായ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പരിശീലനത്തിരക്കിനിടയിലും ബെലോട്ടെല്ലി കാമുകിയുമായുള്ള വിവാഹം നിശ്ചയിച്ചു.
ബെല്‍ജിയം ഫാനി നെഗ്യൂഷയാണ് മരിയോയുടെ വധു. ഇരുവരും കഴിഞ്ഞ ദിവസം മോതിരം കൈമാറി. വിവാഹ നിശ്ചയവാര്ത്ത ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ ബെലോട്ടെല്ലി പുറത്തുവിടുകയും ചെയ്തു.
മോതിരമണിഞ്ഞ നെഗ്യൂഷയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അവള് അതെ എന്നു പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടെ ‘അതെ’, ബെലോട്ടെല്ലി കുറിച്ചു.
2013 മുതല്‍ ബെലോട്ടെല്ലിയും നെഗ്യൂഷയും ഒരുമിച്ചുകഴിയുകയായിരുന്നു. ഇടയ്ക്കു പിണങ്ങിപ്പിരിഞ്ഞെങ്കിലും പിന്നീട് രണ്ടുപേരും ഒന്നുചേര്‍ന്നു.
















