കൊച്ചി: സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി എറണാകുളത്ത് സിറ്റിംഗ് നടത്തി.
തീയറ്റര്‍ മേഖലയില്‍ സീറോ ടാക്സ് നടപ്പാക്കുക, സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍ നിന്നും അഞ്ചുരൂപയാക്കുക. ഭാഷാ ചിത്രങ്ങള്‍ക്ക് ടാക്സ് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കമ്മീഷനു മുന്പാകെവച്ചത്. സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍, ജനറല്‍ സെക്രട്ടറി അഡ്വ.ഷാജു, ട്രഷറര്‍ സവിതാ ഷാജു എന്നിവര്‍ പങ്കെടുത്തു. അടൂര്‍ ഗോപാലകൃഷ്ണനൊപ്പം കമ്മിറ്റി അംഗങ്ങളായ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സുരേഷ് കുമാര്‍, മുന്‍മന്ത്രി പന്തളം സുധാകരന് എന്നിവരും സിറ്റിംഗിനുണ്ടായിരുന്നു.
സര്‍ക്കാര്‍ നടപ്പാക്കിയ ക്ലാസിഫിക്കേഷനില്‍ റിലീസിംഗ് അര്‍ഹമെന്ന് കണ്ടെത്തിയ തീയേറ്ററുകള്‍ക്ക് റിലീസ്ചിത്രങ്ങള് നല്കാന് നടപടിയെടുക്കണമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും നികുതി ഇളവ് അനുവദിക്കണമെന്നുമായിരുന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ആവശ്യം. സംഘടനയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വി.മോഹന്‍, സെക്രട്ടറി ഷാജി വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.
വൈഡ് റിലീസിംഗ് വേണമെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ആവശ്യം. ജനറല്‍ സെക്രട്ടറി ജോസ് മുണ്ടാടന്‍ പങ്കെടുത്തു.
ചിത്രാഞ്ജലി പോലുള്ള സ്റ്റുഡിയോകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഫെഫ്ക ആവശ്യപ്പെട്ടു. ഫെഫ്കയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി സിബി മലയില്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കമല്‍ എന്നിവര്‍ പങ്കെടുത്തു. ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘവും (ബിഎംഎസ്) ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: