കൊച്ചി: മെട്രോ നിര്‍മാണത്തിനിടെ നഗരത്തില്‍ വീണ്ടും ശുദ്ധജലപൈപ്പ് പൊട്ടി കുടിവെള്ള വിതരണം താറുമാറായി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കലൂര്‍ റിസര്‍വ് ബാങ്കിന് സമീപം 660 എം എം വ്യാസമുള്ള വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയത്. മെട്രോ തൂണുകളുടെ നിര്‍മാണത്തിനായുള്ള പെയിലിംഗിനിടെയാണ് പൈപ്പ് തകര്‍ന്നത്. ഇതോടെ വെള്ളം ശക്തിയില്‍ ചീറ്റി തെറിക്കുകയും പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപെടുകയുമായിരുന്നു. സോമ കണ്‍സ്ട്രക്ഷന്‍സാണ് ഇവിടെ നിര്‍മാണം നടത്തുന്നത്. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ ശക്തമായ വെള്ളമൊഴുക്കില്‍ സമീപത്ത് ബസ് കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുള്‍പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി.
സംഭവം നടന്ന ഉടനെ കൊച്ചി മേയര്‍ സ്ഥലത്തെത്തി വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കാരണകോടത്തുള്ള വലിയ വാല്‍വ് പൂട്ടുകയായിരുന്നു. ഇതോടെ നഗരത്തിലെ കുടിവെള്ള വിതരണം ദിവസങ്ങളോളം മുടങ്ങാന്‍ സാധ്യതയുണ്ട്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പൈപ്പ് നന്നാക്കുന്നതിന് ശ്രമമാരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് ദിവസമെങ്കിലുമെടുക്കും കുടിവെള്ള വിതരണം പുന:സ്ഥാപിക്കാനെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പും ഇതേ സ്ഥലത്തുനിന്നും ഏതാനും വാര മാറി ഇതേ പൈപ്പില്‍ പൊട്ടലുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. സംഭവസ്ഥലത്ത് ചിത്രമെടുക്കാന്ചെന്ന പ്രസ് ഫോട്ടോഗ്രാമാരെ മെട്രോ ജീവനക്കാര്‍ തടഞ്ഞത് അല്പനേരം സംഘര്‍ഷത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: