കൊച്ചി: കോടിക്കണക്കിനു രൂപ വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും, അതില്‍ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തുന്ന തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും വേണ്ടി ഫിഷറിസ് മന്ത്രാലയം രൂപീകരിക്കണമെന്ന് മത്സ്യപ്രവര്‍ത്തക സംഘം.
മത്സ്യബന്ധനത്തിനിടെ മനഃപൂര്‍വ്വമല്ലാതെ അതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍, പാക്കിസ്ഥാന്, ബംഗ്ലാദേശ് പട്ടാളം പിടിച്ചു കൊണ്ടു പോകുന്നതു തടയുന്നതിനും, പിടിച്ചവരെ കാലതാമസം കൂടാതെ മോചിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ആരംഭിക്കണമെന്ന് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാദിനത്തില്‍ ശ്രീലങ്കയും, പാക്കിസ്ഥാനും മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത് സ്വാഗതാര്‍ഹമാണെന്നും യോഗം വിലയിരുത്തി. ഫെഡറേഷന് പ്രസിഡന്റ് ഇ.ഡി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്, ഫെഡറേഷന് ജനറല്‍ സെക്രട്ടറി പി.ജയപ്രകാശ്, ആര്. രാധാകൃഷ്ണന്, കെ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു. ഫെഡറേഷന് ഖജാന്‍ജി കെ.എസ്. അനില്‍കുമാര്‍ സ്വാഗതവും സെക്രട്ടറി സി.എസ്. സുനില്‍ നന്ദിയും പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: