ഷിംല: ഹൈദരാബാദില്‍ നിന്നു ടൂറിനെത്തിയവരില് 24 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ നദിയില്‍ കാണാതായി. നദിയില്‍ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ തുറന്നു വിട്ട ഡാമില്നിന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടു കാണായതവരില് ആറു പെണ്‍കുട്ടികളുണ്ട്. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. സുരക്ഷാ സേനയും നാവിക സേനയും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
മാണ്ടിയില്‍ നിന്ന് 40 കി.മി അകലെയുള്ള മനാലി-കിരാത്പൂര് ഹൈവേ കടന്നു പോകുന്ന തലോട്ടിനു സമീപം ബിയാസ് നദിയിലാണ് അപകടം. 19 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉണങ്ങി വരണ്ട നദിയുടെ മധ്യഭാഗത്ത് നിന്നും ഫോട്ടോ എടുക്കുകയായിരുന്നു. അതിനിടെ ലാര്‍ജി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതോടെ നദിയില്‍ കുത്തൊഴുക്ക് ഉണ്ടാകുകയായിരുന്നു.
ഹൈദരാബാദിലെ വിഎന്‍ആര്‍ വിഘ്നജ്യോതി ഇന്സ്റ്റിട്യൂഷന് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍ഡ് ടെക്നോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
നദിയില്‍ ഡാമിനടുത്തായി നിരവധി തുരങ്കങ്ങളുണ്ട്. ഡാമിലെ തുരങ്കത്തിന്റെ മറു ഭാഗത്ത് നിന്ന് കുട്ടികള്‍ ഫോട്ടോ എടുക്കുമ്പോള്‍ ജീവനക്കാര്‍ ഇത് അറിയാതെ ഡാമിന്റെ ഷട്ടര്‍ തുറക്കുകയായിരുന്നു. നാട്ടുകാര്‍ ശബ്ദം ഉണ്ടാക്കിയെങ്കിലും വെള്ളം ഇരച്ച് വന്നതോടെ നദിയുടെ മധ്യഭാഗത്ത് നിന്ന വിദ്യര്‍ത്ഥികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചിലരെ കരയില്‍ നിന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാട്ടുകാര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഏതാനും പേര് പാറകളില്‍ പിടിച്ചു നിന്നെങ്കിലും വെള്ളമൊഴുക്കിന്റെ ശക്തിവര്ദ്ധിച്ചതോടെ അവരും ഒഴുകിപ്പോയി.
പഠനയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 61 പേര് രണ്ട് കോളേജ് ബസ്സുകളിലായാണ് മനാലിയില്‍ എത്തിയത്. ഇതില്‍ 13 പേര് പെണ്‍കുട്ടികളാണ്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്. രണ്ട് മാസം മുമ്പ് അമിതമായി യാത്രക്കാരെയും വഹിച്ചു കൊണ്ട് വന്ന മിനി ബസ്സ് ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ ഗോര്ഗിയില് 400 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 15 പേര് കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഹിമാചല്‍ പ്രദേശിലെ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ആവുന്നതെല്ലാം ചെയ്യുമെന്നറിയിച്ചു. ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍നിന്നും മന്ത്രിമാര്‍ തെരച്ചിലിനു മേല്‍നോട്ടം നല്കാന് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: