ന്യൂദല്‍ഹി: ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്ന് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ ശുഭവാര്‍ത്തകള്‍. സാമ്പത്തിക ബന്ധത്തില്‍ പുതുഗതിവേഗം പകരാനും വാണിജ്യ- വ്യാപാര മേഖലകളില്‍ സഹകരണം വിപുലപ്പെടുത്താനും ഇന്ത്യയും ചൈനയും ധാരണയായി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയും തമ്മില്‍ ഇന്നലെ ന്യൂദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചിയിലാണ് തീരുമാനം. ഇന്ത്യയുടെ വികസനോന്മുഖ സമീപനത്തെ സ്വാഗതം ചെയ്ത വാങ്ങ് പുതിയ സര്‍ക്കാരുമായി കൂടുതല്‍ അടുപ്പത്തിനും സന്നദ്ധത പ്രകടിപ്പിച്ചു.
പുതിയ ധാരണയനുസരിച്ച് ഇരുരാജ്യങ്ങളും ഇതുവരെ വിനിയോഗിക്കാത്ത അവസരങ്ങള്‍ ഉപയോഗിപ്പെടുത്തും. വ്യാവസായിക പാര്‍ക്കുകളുടെ സ്ഥാപനമടക്കമുള്ള നടപടികളിലൂടെ വാര്‍ഷിക ഉഭയകക്ഷി വ്യാപാരം 65 ബില്യണ്‍ ഡോളറിനു മേല്‍ ഉയര്‍ത്തും. ചില പ്രത്യേക മേഖലകളില്‍ സഹകരണം വിപുലപ്പെടുത്താനും സംയുക്ത പദ്ധതികള്‍ ആവിഷ്ക്കരിക്കാനും വ്യാപാര മേഖലയിലെ തടസങ്ങള്‍ നീക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനും രണ്ടു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.
സാമ്പത്തിക കാര്യങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടന്നു. പ്രത്യേക പദ്ധതികള്‍, സാമ്പത്തിക സഹകരണത്തിന്റെ ഗതി, അവസരങ്ങള്‍ വിനിയോഗിക്കല്‍, വാണിജ്യ സഹകരണം വര്‍ധിപ്പിക്കുന്നതിന് തടസം നില്ക്കുന്ന കാര്യങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു ആശയവിനയം കൂടുതല്‍ നടത്തിയത്, വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ മേഖലകളില്‍ ചൈനീസ് കമ്പനികള്‍ക്ക് മൂലധന നിക്ഷേപം നടത്താനുള്ള സാധ്യതകളെപ്പറ്റിയും ചര്‍ച്ചയില്‍ ആരാഞ്ഞതായും വിദേശകാര്യ മന്ത്രാലയത്തില ചൈനയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ഗൗതം ബംബവാലെ വ്യക്തമാക്കി. വ്യവസായിക പാര്‍ക്കുകളിലൂടെ ചൈനീസ് കമ്പനികളുടെ നിക്ഷേപം ഉറപ്പിക്കുന്നതു കാര്യവും സുഷമാ സ്വരാജ് ചര്‍ച്ചയില്‍ മുന്നോട്ടവച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ വ്യാപാരക്കമ്മിയെ കുറിച്ച് സുഷമ സൂചിപ്പിച്ചോയെന്ന ചോദ്യത്തിന്, സാമ്പത്തിക സഹകരണം വിപുലപ്പെടുത്താന്‍ രണ്ടു നേതാക്കളും സമ്മതിച്ചെന്നായിരുന്നു ബംബവാലെയുടെ മറുപടി.
ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ഷതോറും 65 ബില്യണ്‍ ഡോളറിന്റെ ഉഭയക്ഷി വ്യാപാരം നടക്കുന്നുണ്ട്. ഇതില്‍ 40 ബില്യണും ചൈനയുടെ ഖജനാവിലെത്തുന്നു.
വ്യാപാരക്കമ്മി ഉയരുന്നതു സംബന്ധിച്ച് ഇന്ത്യ പലതവണ ചൈനയോട് പരാതിപ്പെട്ടിരുന്നു. ഐടി എനേബിള്‍ഡ് സര്‍വീസുകള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കലുകള്‍ എന്നിവയ്ക്ക് ചൈനീസ് വിപണിയില്‍ ഇടം നല്കി സാമ്പത്തിക അന്തരം ഇല്ലാതാക്കണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: