കാസര്‍കോട്: ആദിവാസി വിഭാഗങ്ങളെ വരുതിയിലാക്കാന്‍ ആദിവാസി നേതാക്കളെത്തന്നെ രംഗത്തിറക്കി ക്രൈസ്തവ സഭ നടത്തിയ പരീക്ഷണം പാളുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ സഭ നിയന്ത്രിക്കുന്നതിനെതിരെ ഒരു വിഭാഗം ആദിവാസി നേതാക്കള്‍ രംഗത്തെത്തി. കേരളത്തിലും തമിഴ്നാട്ടിലും സഭയുടെ കീഴിലുള്ള ആദിവാസി സംഘടനകള്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മതപരിവര്‍ത്തനം ശക്തമാകുന്നതിനും ആദിവാസി മേഖലകള്‍ കയ്യടക്കുന്നതിനും കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കത്തോലിക്കാ സഭ ആദിവാസി സംഘടനകളെ സ്പോണ്സര് ചെയ്യുന്നുണ്ട്. കേരളത്തില്‍ ആദിവാസി ഫോറം എന്ന പേരിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സൗത്ത് ഇന്ത്യ ആദിവാസി നെറ്റ്വര്‍ക്ക് (സിയാന്) എന്ന സംഘടനയാണ് നാല് സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഭാ നേതൃത്വത്തിലെ പ്രമുഖരാണ് ഇതിന്റെ ഭാരവാഹികള്‍.
വിദേശ ഫണ്ട് സ്വീകരിച്ച് ആദിവാസി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും സിയാനാണ്. എന്നാല്‍ സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ പലതും ആദിവാസി നേതാക്കളില്‍ എതിരഭിപ്രായമുണ്ടാക്കി. 2010-ല്‍ പുതിയ സംഘടന രൂപീകരിച്ച് സഭ ഈ എതിര്‍പ്പ് മറികടന്നു. ആദിവാസി നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി സൗത്ത് ഇന്ത്യ ആദിവാസി ഫെഡറേഷന് (സിയാഫ്) എന്ന സംഘടന നിലവില്‍ വന്നു. ആദിവാസി നേതാക്കള്‍ക്ക് തന്നെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും സിയാന് ഇടപെടില്ലെന്നും വാഗ്ദാനം നല്കി നേതാക്കളെ സഭ കയ്യിലെടുത്തു. പുറമെ നിന്നുള്ളവര്‍ക്ക് സ്വീകാര്യത ലഭിക്കാത്ത ആദിവാസി സമൂഹത്തില്‍ അവരുടെ തന്നെ നേതാക്കളെ രംഗത്തിറക്കി പ്രവര്‍ത്തനം ശക്തമാക്കാമെന്നായിരുന്നു സഭയുടെ കണക്കുകൂട്ടല്‍.
സിയാന് ക്രമേണ പൂര്‍ണമായി ഇല്ലാതാകുമെന്നും സിയാഫിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നുമായിരുന്നു സഭ വ്യക്തമാക്കിയത്. എന്നാല്‍ സംഘടനകളുടെ മേലുള്ള നിയന്ത്രണം ഉപേക്ഷിക്കാന്‍ സഭ തയ്യാറായില്ല. വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആദിവാസി നേതാക്കള്‍ അറിയാറില്ല. സിയാഫിനെ വരുതിയിലാക്കാന്‍ തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ആദിവാസി നേതാക്കളെ മാത്രം ഭാരവാഹികളാക്കി. സഭയുടെ കീഴിലാകുമ്പോള്‍ തന്നെ ആദിവാസി സംഘടനകളുടെ വ്യക്തിത്വം നിലനിര്‍ത്തണമെന്ന അഭിപ്രായമുള്ളവരെ പുറത്താക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നതാണ് സഭയ്ക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
സംസ്ഥാന ഘടകങ്ങള്‍ പിടിച്ചെടുക്കാനുള്ള സഭയുടെ നീക്കവും ഇതിനിടെ പൊട്ടിത്തെറിയിലേക്കെത്തി. കഴിഞ്ഞ മെയ് 24 മുതല്‍ 26 വരെ മാനന്തവാടിയില്‍ നടന്ന ആദിവാസി ഫോറം സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഇത് പ്രകടവുമായി. തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി ജില്ലാ കമ്മറ്റികള്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. മറ്റ് ജില്ലകളില്‍ നിന്നും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. ജില്ലാ, താലൂക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെ 150ഓളം പേരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 60ല്‍ താഴെയാണ് എത്തിയവരുടെ കണക്ക്. മുതിര്‍ന്ന നേതാക്കള്‍ പലരും പങ്കെടുത്തിട്ടില്ലെന്നും പുതിയ ആളുകളെ കൊണ്ടുവന്ന് കോറം തികയ്ക്കുകയാണുണ്ടായതെന്നും ‘വിമത വിഭാഗം’ പറയുന്നു. സഭാനേതൃത്വത്തോട് എതിര്‍പ്പുള്ള മുഴുവന്‍ ആളുകളെയും വിളിച്ചുചേര്‍ത്ത് സമാന്തര സംഘടന രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം. തമിഴ്നാട്ടിലും ഒരുവിഭാഗം പുതിയ സംഘടന രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. കര്‍ണാടകയിലും ആന്ധ്രയിലും പ്രതിഷേധം ശക്തിപ്പെട്ടു വരുന്നുണ്ട്. വയനാട്ടില്‍ നേരത്തെ ഒരു വിഭാഗം സംഘടന വിട്ടിരുന്നു. ഇവര്‍ ആദിവാസി ഫോറം എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. സുവിശേഷവത്കരണത്തിനും വിദേശഫണ്ടിനും അനന്തസാധ്യതകളുള്ള ആദിവാസി മേഖലയിലെ തിരിച്ചടി മറികടക്കാന്‍ സഭാ നേതൃത്വം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: